Sunday, June 5, 2016

പുതിയ 10 നോവലുകള്‍

  1. സ്വപ്നമാളിക 1
  2. ദേവിക
  3. വീട് 
  4. ഷെയരിംഗ് ഫ്ലാറ്റ്‌
  5. ചക്കപറമ്പിലെ വിശേഷങ്ങള്‍
  6. ശാരിയും വീണയും
ഈ നോവലുകള്‍  മുഴുവന്‍ വായിക്കാന്‍ ലിങ്ക് ക്ലിക്ക് ചെയ്യുക, 5 നിമിഷം പരസ്യം കണ്ട ശേഷം പരസ്യം സ്കിപ് ചെയ്തു നോവല്‍ പൂര്‍ണ്ണമായും വായിക്കാം.

Wednesday, October 10, 2012

വിഡ്ഢി! കൂശ്മാണ്ഡം

ണ്ട് കാരാട്ടു നമ്പൂരിയുടെ ശി‌ഷ്യനായി കോഴിക്കോട്ട് ഏറ്റവും പ്രസിദ്ധനായ ഒരു വി‌ഷവൈദ്യനുണ്ടായിരുന്നു. അദ്ദേഹം വി‌ഷമിറക്കാനായി ഒരു സ്ഥലത്തും പോവുക പതിവില്ല. വി‌ഷഭയമുണ്ടാകുന്നവരെ അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടു വന്നു വി‌ഷമിറക്കിച്ചു കൊണ്ടുപോവുകയാണു പതിവ്. അദ്ദേഹം അതിനായിട്ടു യാതൊന്നും വാങ്ങുകയും പതിവില്ല. എങ്കിലും ജനങ്ങൾ മറ്റു വല്ല കാരണവും പറഞ്ഞ് അദ്ദേഹത്തിന് ധാരാളം പണം കൊടുത്തുവന്നിരുന്നു. അദ്ദേഹം കാലക്രമേണ വലിയ ധനവാനായിത്തീരുകയും ചെയ്തു. അദ്ദേഹത്തിന്റെ അടുക്കൽ വി‌ഷവൈദ്യം പഠിക്കാനായിട്ടും വളരെ ആളുകൾ ചെന്നുകൊണ്ടിരുന്നു. ചെല്ലുന്നവർക്കെല്ലാം അദ്ദേഹം ഓരോ ദിവ്യമന്ത്രങ്ങൾ ഉപദേശിച്ചയയ്ക്കുകയാണ് പതിവ്.
ആ വി‌ഷവൈദ്യൻ താമസിച്ചിരുന്ന സ്ഥലത്തിന്റെ തെക്കേതായി ഒരു വീടുണ്ടായിരുന്നു. അവിടെ കൊച്ചുരാമൻ എന്നു പേരുള്ള ബാലനുണ്ടായിരുന്നു. ആ വീട്ടുകാർ കാലക്ഷേപത്തിനു യാതൊരു മാർഗവു മില്ലാതെ വളരെ ക ഷ്ടപ്പെട്ടാണ് നിത്യവൃത്തി കഴിച്ചുവന്നിരുന്നത്. അങ്ങനെയിരിക്കുമ്പോൾ ദാരിദ്രദുഃഖം സഹിക്കവയ്യാതായിട്ടു തനിക്കും വി‌ഷവൈദ്യം പഠിക്കണമെന്ന് കൊച്ചുരാമൻ നിശ്ചയിച്ചു. അവൻ അക്ഷരജ്ഞാനംപോലുമില്ലാത്ത ഒരു വിഡ്ഢിയായിരുന്നു. ആ കൊച്ചുരാമൻ ഒരു ദിവസം ആ വൈദ്യന്റെ ശി‌ഷ്യൻമാരെ കണ്ടു വി‌ഷവൈദ്യം പഠിക്കുന്നത് എങ്ങനെയെല്ലാമാണെന്ന് ചോദിച്ചു. അതിനവർ വി‌ഷവൈദ്യം പഠിക്കണമെന്ന് ആഗ്രഹമുള്ളവർ ഗുരുവിന്റെ അടുക്കൽച്ചെന്നു തങ്ങളെക്കൂടെ വി‌ഷവൈദ്യം പഠിപ്പിക്കണമെന്നു പറയണം. യഥാശക്തി വല്ലതുമൊരു ദക്ഷിണയും ചെയ്യണം. എന്നാൽ അദ്ദേഹം ഒരു മന്ത്രം ഉപദേശിച്ചു തരും. ആ മന്ത്രം ഭക്തിയോടുകൂടി അക്ഷരലക്ഷം ഉരുക്കഴിക്കണം. പിന്നെ ആ മന്ത്രം കൊണ്ടു വെള്ളമോതിയൊഴിക്കുകയോ ഭസ്മം ജപിച്ചിടുകയോ എന്തെങ്കിലും ചെയ്താൽ വി‌ഷമിറങ്ങും. അങ്ങനെയാണ് പതിവ്, എന്നു മറുപടി പറഞ്ഞു. ഇതുകേട്ടപ്പോൾ കൊച്ചുരാമന് വളരെ സന്തോ‌ഷമായി. ഇതിനു പ്രയാസമൊന്നുമില്ലല്ലോ. എങ്കിലും തൽക്കാലമൊരു ദക്ഷിണചെയ്യുന്നതിനു കൈവശമൊന്നുമില്ലാതിരുന്നതിനാൽ അവനു വളരെ വി‌ഷാദമുണ്ടായി. അവരുടെ പുരപ്പുറത്ത് ഒരു കമ്പളം കയറിപ്പടർന്നു കിടപ്പുണ്ടായിരുന്നു. അതിൻമേലഞ്ചാറു കായുമുണ്ടായിരുന്നു. തൽക്കാലം ഗുരുവിന് ഇതുകൊണ്ടു ചെന്നു കൊടുക്കാമെന്നു നിശ്ചയിച്ചു. അവൻ അന്നുതന്നെ അതെല്ലാം പറിച്ചു കെട്ടിവെച്ചു. പിറ്റേദിവസം ശി‌ഷ്യരും മറ്റും വന്നു കൂടുന്നതിനു മുമ്പ് ഉപദേശം വാങ്ങണമെന്നു നിശ്ചയിച്ചു കൊച്ചുരാമൻ വെളുപ്പാൻകാലത്തു കുമ്പളങ്ങാച്ചുമടുമെടുത്തു വൈദ്യന്റെ ഗൃഹത്തിലെത്തി. വൈദ്യൻ ഉണർന്നെണീറ്റു പുറത്തു വന്നപ്പോൾ കൊച്ചുരാമൻ കുമ്പളങ്ങച്ചുമടു വൈദ്യന്റെ മുമ്പിൽവെച്ചു താണു തൊഴുതു. "നീ എന്തിനാണ് വന്നത്?" എന്നു വൈദ്യർ ചോദിച്ചു. "എന്നെക്കൂടി വി‌ഷവൈദ്യം പഠിപ്പിക്കണമെ"ന്നു കൊച്ചുരാമൻ പറഞ്ഞു. അതുകേട്ടു വൈദ്യൻ "അതിന് വിഡ്ഢി! കുശ്മാണ്ഡം എന്തിനാണ്" എന്നു ചോദിച്ചു. വി‌ഷവൈദ്യം പഠിക്കാനുള്ള ധൃതിയും പരിഭ്രമവുംകൊണ്ട് കൊച്ചുരാമൻ, വൈദ്യൻ പറഞ്ഞതു മുഴുവൻ കേട്ടില്ല. "വിഡ്ഢികൂശ്മാണ്ഡം" എന്നു മാത്രമേ അവൻ കേട്ടുള്ളു. അത് മന്ത്രമാണെന്നും അതുകൊണ്ട് ഉപദേശം കഴിഞ്ഞുവെന്നും തീർച്ചപ്പെടുത്തി അവൻ ഉത്തരമൊന്നും മിണ്ടാതെ വൈദ്യനെ ഒന്നുകൂടി തൊഴുതിട്ട് അവിടെനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. "നേരം വെളുത്തപ്പോഴേ വിഡ്ഢി എന്നു വിളിച്ചതുകൊണ്ട് അവൻ മു‌ഷിഞ്ഞുപോയതായിരിക്കും" എന്നാണ് വൈദ്യൻ വിചാരിച്ചത്. കൊച്ചുരാമന് ഒരു മു‌ഷിച്ചിലുമുണ്ടായില്ല എന്നു തന്നെയല്ല, മന്ത്രം ക്ഷണത്തില് ഉപദേശിച്ചു കൊടുത്തതിനാൽ അവനു വളരെ സന്തോ‌ഷമുണ്ടാവുകയും ചെയ്തു. അവൻ ഉടനെ വീട്ടിലെത്തി. കുളിച്ചുവന്ന് ഒരു വിളക്കുകൊളുത്തിവെച്ച് അതിന്റെ മുമ്പിലിരുന്നു മന്ത്രം ജപിച്ചുതുടങ്ങി.അങ്ങനെ അക്ഷരലക്ഷം (ഈ മന്ത്രം അഞ്ചക്ഷരമുള്ളതാകയാൽ അഞ്ചു ലക്ഷം) ഉരുക്കഴിച്ചു തീർത്തു. താൻ നല്ല വി‌ഷവൈദ്യനായിത്തീർന്നു എന്നവൻ ദൃഡമായി വിശ്വസിക്കുകയും ചെയ്തു.
സാധാരണ വി‌ഷവൈദ്യൻ വി‌ഷമിറക്കാനായി എങ്ങും പോവുക പതിവില്ലല്ലോ. ചെന്നു കടിക്കയില്ലെന്നും ചെന്നു വി‌ഷമിറക്കുകയില്ലെന്നും സർപ്പങ്ങളും വി‌ഷവൈദ്യൻമാരും തമ്മിൽ സത്യം ചെയ്തിട്ടുണ്ടെന്നാണല്ലോ പറയുന്നത്. എന്നാൽ നമ്മുടെ കൊച്ചുരാമൻ അതു കേട്ടിട്ടില്ലായിരുന്നു. എവിടെയെങ്കിലും വി‌ഷഭയമുണ്ടായെന്നു കേട്ടാൽ അപ്പോൾ കൊച്ചുരാമൻ അവിടെയെത്തുകയും മേൽപ്പറഞ്ഞ മന്ത്രംകൊണ്ടു വെള്ളമോതിയൊഴുക്കി വി‌ഷമിറക്കുകയും പതിവായി. ആദ്യം കുറച്ചു ദിവസത്തേക്ക് അവന്റെ വി‌ഷവൈദ്യത്തിൽ ആർക്കുമത്ര വിശ്വാസമുണ്ടായിരുന്നില്ല. ക്രമേണ എല്ലാ വർക്കും അനുഭവപ്പെട്ടു തുടങ്ങുകയും വിശ്വാസം ജനിക്കുകയും ചെയ്തു. അങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ കൊച്ചുരാമന് വൈദ്യനെന്നുള്ള പേരു സർവ്വത്ര പ്രസിദ്ധമായിത്തീർന്നു. വി‌ഷഭയമുണ്ടാകുന്ന ദിക്കിലെല്ലാം അവനെ ആളുകൾ വന്നു വിളിച്ചു കൊണ്ടു പോയിത്തുടങ്ങി. അവന് ആ വി‌ഷയത്തിൽ ധാരാളം പണം കിട്ടിത്തുടങ്ങുകയും ചെയ്തു. വി‌ഷമിറക്കിയാൽ അതിനൊന്നും വാങ്ങരുതെന്നുള്ള പ്രമാണം നമ്മുടെ കൊച്ചുരാമവൈദ്യൻ അത്ര വകവെച്ചിരുന്നില്ല. ഈ വിധത്തിൽ കുറച്ചുകാലം കഴിഞ്ഞപ്പോൾ അവന്റെ ദാരിദ്ര്യം തീരെ തീർന്നുവെന്നല്ല, അവൻ വലിയ സമ്പന്നനായിത്തീരുകയും ചെയ്തു. അവൻ ഒരു വലിയ വീടു പണിയിക്കുകയും വളരെ നിലവും പുരയിടങ്ങളും വീട്ടിൽ വേണ്ടുന്ന ഭരണി, പാത്രങ്ങൾ, ആഭരണങ്ങൾ മുതലായവയെല്ലാം സമ്പാദിക്കുകയും ചെയ്തു.
അങ്ങനെയിരിക്കുമ്പോൾ കോഴിക്കോട്ട് അന്നു നാടുവാണിരുന്ന സാമൂതിരിപ്പാടു തമ്പുരാനു വി‌ഷഭയമുണ്ടായി. അനേകം വി‌ഷവൈദ്യന്മാർ പഠിച്ച പണിയെല്ലാം നോക്കീട്ടും വി‌ഷമിറങ്ങിയില്ല. മൂന്നാം ദിവസം തമ്പുരാനെ നിലത്തിറക്കി ശവസംസ്കാരത്തിനു വേണ്ടുന്ന വട്ടങ്ങൾ കൂട്ടിത്തുടങ്ങി. അപ്പോഴാണ് അവിടെച്ചിലർക്ക് കൊച്ചുരാമവൈദ്യനെ ഓർമ്മവന്നത്. അയാളെകൂടെ ഒന്നു വരുത്തിക്കണമെന്നു ചിലർ അഭിപ്രായപ്പെട്ടു. "ഇനി ആരെയും കാണിച്ചിട്ടു പ്രയോജനമില്ല. ഇവിടെ കഥ കഴിഞ്ഞു" എന്നു മറ്റു ചിലരും പറഞ്ഞു. ഏതെങ്കിലും ഒടുക്കം അയാളെക്കൂടെ ഒന്നു വരുത്തണമെന്ന് തീർച്ചപ്പെടുത്തി. ഒരു ഡോലി(മേനാവു)യും കൊടുത്തു. ചില ഹരിക്കാരന്മാരോടുകൂടി ആളുകളെ അയച്ചു. അവർ ചെന്നു കൊച്ചുരാമവൈദ്യനെക്കണ്ടു വിവരം പറയുകയും വൈദ്യൻ ക്ഷണത്തിൽ വരികയും ചെയ്തു. വൈദ്യൻ വന്നു തമ്പുരാനെക്കണ്ട ഉടനെ കോവിലകത്തു മടപ്പള്ളിക്കാരനായ കുട്ടിപ്പട്ടരെ വിളിച്ചു ക്ഷണത്തിൽ കുറച്ചു കഞ്ഞിയു ണ്ടാക്കാൻ പറഞ്ഞു. അതുകേട്ട് അവിടെകൂടിയിരുന്ന മറ്റു വി‌ഷവൈദ്യൻമാരെല്ലാം "അതെന്തിനാണ്?" എന്നു ചോദിച്ചു. "തിരുമനസ്സുകൊണ്ട് അമൃതേത്തു കഴിച്ചിട്ടു രണ്ടുമൂന്നു ദിവസമായല്ലോ വി‌ഷമിറങ്ങുമ്പോൾ അവിടേക്കു വളരെ ക്ഷീണവും വിശപ്പുമുണ്ടായിരിക്കും. അപ്പോൾ അവിടേക്കു കൊടുക്കാനാണ് കഞ്ഞി" എന്നു കൊച്ചുരാമവൈദ്യൻ മറുപടി പറഞ്ഞു. അതു കേട്ട് എല്ലാവരും പുച്ഛരസത്തോടുകൂടി പുഞ്ചിരിയിട്ടു. തമ്പുരാന്റെ കഥ കഴിഞ്ഞുവെന്നായിരുന്നു അവരുടെ വിശ്വാസം അല്ലെങ്കിൽ നിലത്തിറക്കുകയില്ലല്ലോ. കൊച്ചുരാമവൈദ്യൻ കുറച്ചുവെള്ളമെടുത്തു "വിഡ്ഢി കൂശ്മാണ്ടന്മം" എന്നു നൂറ്റെട്ടുരു ജപിച്ചു തമ്പുരാന്റെ മുഖത്തു തളിച്ചു. ഉടനെ തമ്പുരാൻ കണ്ണുതുറന്നു. വൈദ്യൻ പിന്നെയും ഒരു പ്രാവശ്യം കൂടി അപ്രകാരം വെളളം ജപിച്ചു തളിച്ചു. തമ്പുരാൻ കയ്യും കാലും ഇളക്കിത്തുടങ്ങി. മൂന്നാമതും വൈദ്യൻ വെള്ളം തളിച്ചു. ഉടനെ തമ്പുരാൻ എണീറ്റിരുന്നു കഞ്ഞി കുടിക്കണമെന്നു കല്പിച്ചു. തൽക്ഷണം കഞ്ഞി കൊണ്ടുവരികയും തമ്പുരാൻ വയറു നിറച്ചു കഞ്ഞി അമൃതേത്തു കഴിക്കുകയും ചെയ്തു. പിന്നെ സ്വല്പം കഴിഞ്ഞു ക്ഷീണമെല്ലാം മാറിയപ്പോൾ "വി‌ഷമിറക്കിയതാരാണ്" എന്നു കല്പിച്ചു ചോദിച്ചു. "ഈയിരിക്കുന്ന കൊച്ചുരാമവൈദ്യനാണ്" എന്നു സേവകരിലൊരാൾ അറിയിച്ചു. തമ്പുരാൻ സന്തോ‌ഷിച്ചു. കൊച്ചുരാമവൈദ്യനു രണ്ടു കൈയ്ക്കും വീരശൃംഖലയും പതിനായിരം പവനും പത്തു കുത്തു പട്ടും സമ്മാനമായി കല്പിച്ചുകൊടുക്കുകയും വൈദ്യനെ പല്ലക്കിൽ കയറ്റിയെടുത്തു വാദ്യഘോ‌ഷങ്ങളോടുകൂടി അയാളുടെ വീട്ടിൽക്കൊണ്ടുന്നൊക്കുന്നതിനു കല്പിക്കുകയും ചെയ്തു. ഇതെല്ലാം കണ്ടും കേട്ടുകൊണ്ടു നിന്ന മറ്റുള്ള വൈദ്യൻമാർക്കുണ്ടായ ലജ്ജയും അത്ഭുതവും എത്രമാത്രമാണെന്നു പറയാൻ പ്രയാസം. ആ വൈദ്യൻമാരുടെ കൂട്ടത്തിൽ നമ്മുടെ കൊച്ചുരാമവൈദ്യരുടെ ഗുരുവുമുണ്ടായിരുന്നു. പക്ഷേ അയാൾ ഇതു തന്റെ ഉപദേശം കൊണ്ടു സാധിച്ചതാണെന്നു വിചാരിച്ചില്ല. "വിഡ്ഢി!" എന്നു വിളിച്ചതു നിമിത്തം ഇയ്യാൾ എവിടെയോ പോയി ഈ ദിവ്യത്വം വശമാക്കി വന്നതാണെന്നാണ് അയാൾ വിചാരിച്ചത്. കൊച്ചുരാമവൈദ്യൻ ആൾക്കൂട്ടം നിമിത്തം തന്റെ ഗുരുവിനെ അപ്പോൾ കണ്ടതുമില്ല. കൊച്ചുരാമവൈദ്യനെ കല്പനപ്രകാരം പല്ലക്കിൽ കയറ്റിയൈടുത്തു പട്ടാളക്കാർ മുതലായവരുടെ അകമ്പടിയോടും വാദ്യഘോ‌ഷത്തോടുകൂടി വീട്ടിലേക്കു പുറപ്പെട്ടു. പിന്നാലെ അസംഖ്യം ജനങ്ങളും കോവിലകത്തു കൂടിയിരുന്ന വി‌ഷവൈദ്യൻമാരും നടന്നു. അങ്ങനെ പോകുമ്പോൾ ഒരിക്കൽ കൊച്ചുരാമ വൈദ്യൻ തിരിഞ്ഞുനോക്കിയപ്പോൾ ആ ആൾക്കൂട്ടത്തിൽ തന്റെ ഗുരുവിനെയും കണ്ടു. ഉടനെ പല്ലക്ക് ഇറക്കിവെയ്ക്കാൻ വൈദ്യൻ പറയുകയും ചുമട്ടുകാർ ഇറക്കിവെക്കുകയും ചെയ്തു. ഉടനെ കൊച്ചുരാമവൈദ്യൻ പല്ലക്കിൽ നിന്ന് ഇറങ്ങി, തനിക്കു കിട്ടിയ സമ്മാനങ്ങളെല്ലാം എടുത്തു ഗുരുവിന്റെ പാദത്തുങ്കൽ കൊണ്ടു ചെന്നു വെച്ചു നമസ്കരിച്ചു. ഇതു കണ്ട് അയാൾ അത്ഭുതപ്പെട്ട് ഇതിന്റെ കാരണം ചോദിച്ചു. അപ്പോൾ കൊച്ചുരാമവൈദ്യൻ "ഇതെല്ലാം അവിടുത്തെ ഉപദേശവും അനുഗ്രഹവും കൊണ്ടു കിട്ടിയതാണ്. ഇതിനു മുമ്പും എനിക്കു വളരെ പണവും സമ്മാനങ്ങളും അവിടുത്തെ കാരുണ്യം കൊണ്ടു കിട്ടിയിട്ടുണ്ട്. ഇതുവരെ അവിടെ ഒന്നും കൊണ്ടു വന്നുതരാൻ സാധിച്ചില്ല. അതിനെക്കുറിച്ച് കൃപകേടുണ്ടാകരുത്. എന്റെ പേരിലുള്ള വീഴ്ചകൾ എല്ലാം ക്ഷമിച്ച് ഇതിനെ അവിടുന്നു സ്വീകരിക്കണം" എന്നു പറഞ്ഞു.
ഗുരു: ഞാൻനിങ്ങൾക്ക് ഒന്നും ഉപദേശിച്ചു തന്നിട്ടില്ലല്ലോ. മരിച്ചവരെ ജീവിപ്പിക്കുന്നതായ ഈ വിദ്യ നിങ്ങൾ എനിക്കുപദേശിച്ചു തരണമെന്നു ഞാൻഅപേക്ഷിക്കുന്നു.
കൊച്ചുരാമവൈദ്യൻ: എനിക്കവിടുന്നുപദേശിച്ചുതന്നിട്ടുള്ള മന്ത്രമല്ലാതെ വേറെ യാതൊരു വിദ്യയുമില്ല. അതുകൊണ്ടാണ് ഞാൻ ഇതെല്ലാം സാധിക്കുന്നത്.
ഗുരു: ഏതു മന്ത്രം?
കൊച്ചുരാമവൈദ്യൻ: (ഗുരുവിന്റെ ചെവിയിൽ സ്വകാര്യമായിട്ട്) "വിഡ്ഢി കുശ്മാണ്ഡം" എന്ന മന്ത്രം തന്നെ.
ഇതു കേട്ടപ്പോൾ ഗുരുവിനു വളരെ അത്ഭുതമുണ്ടാവുകയും ഗുരുത്വവും ഭക്തിയും വിശ്വാസവുംതന്നെയാണ് പ്രധാനമായി വേണ്ടതെന്നും അവയുണ്ടായാൽ സകലതും സിദ്ധമാകുമെന്നും ബോധം വരികയും ചെയ്തു.

കുഞ്ചൻനമ്പ്യാരുടെ ഉത്ഭവം

ന്നേരിദേശക്കാരനും കേവലം നിസ്വനുമായ ഒരു നമ്പൂരി തന്റെ പെൺകിടാങ്ങളെ വിവാഹം കഴിച്ചുകൊടുക്കുന്നതിനു നിവൃത്തിയില്ലായ്കയാൽ വല്ലവരേയും കണ്ടു യാചിച്ചു കുറെ പണം സമ്പാദിക്കണമെന്നു നിശ്ചയിച്ച് സ്വദേശത്തുനിന്നു പുറപ്പെട്ടു. അദ്ദേഹം കോഴിക്കോട്, കൊച്ചി, അമ്പഴപ്പുഴ, തിരുവിതാംകൂർ മുതലായ രാജ്യങ്ങളിൽ സഞ്ചരിച്ച് രാജാക്കന്മാർ, പ്രഭുക്കന്മാർ മുതലായവരെക്കണ്ടു സങ്കടം പറഞ്ഞ് അവരിൽ നിന്നു കിട്ടിയ ഏതാനും പണവുംകൊണ്ട് ഒരിക്കൽ ഒരു ദിവസം മദ്ധ്യാഹ്നമായ സമയം കിള്ളിക്കുറിശ്ശിമംഗലത്തു ചെന്നുചേർന്നു. അദ്ദേഹം ഭക്ഷണം കഴിക്കാതെ വഴിനടന്നും വെയിലുകൊണ്ടും വളരെ ക്ഷീണിച്ചാണ് അവിടെയെത്തിയത്. ക്ഷേത്രത്തിനു പുറത്തുചെന്നു നിന്നുകൊണ്ട് "ഇവിടെ ഉച്ചപൂജയും മറ്റും കഴിഞ്ഞുവോ" എന്ന് അദ്ദേഹം വിളിച്ചു ചോദിച്ചു. അതു കേട്ടു ശാന്തിക്കാരൻ നമ്പൂരി പുറത്തുവന്ന് "ഉച്ചപൂജ കഴിഞ്ഞു എങ്കിലും വേഗത്തിൽ കുളിച്ചുവന്നാൽ ഊണു കഴിക്കാം" എന്നു പറഞ്ഞു. ഉടനെ ഈ നമ്പൂരി കുളക്കടവിൽ ചെന്ന് അരയിൽ കെട്ടിയിരുന്ന മടിശ്ശീലയഴിച്ചു കടവിൽ വെച്ചിട്ട് ഇറങ്ങി ക്ഷണത്തിൽ കുളിയും ജപവുമെല്ലാം കഴിച്ചു നോക്കിയ സമയം മടിശ്ശീല കണ്ടില്ല. നമ്പൂരിക്കുണ്ടായ വ്യസനം എത്രമാത്രമെന്നു പറയാൻ പ്രയാസം. ആ പണം കൊണ്ടു രണ്ടുമൂന്നു പെൺകൊടയെങ്കിലും കഴിച്ചുകൂട്ടാമെന്നായിരുന്നു അദ്ദേഹം വിചാരിച്ചിരുന്നത്. മടിശ്ശീല കാണാതായതിനോടുകൂടി അദ്ദേഹത്തിന്റെ വിശപ്പും ദാഹവും മാത്രമല്ല, പാതി പ്രാണനും പോയെന്നു തന്നെ പറയാം. അദ്ദേഹം ഓടി അമ്പലത്തിൽച്ചെന്ന് അവിടെയെല്ലാവരോടും വിവരം പറഞ്ഞു. അവരാരും കുളക്കടവിലേക്കു ചെല്ലുകതന്നെ ചെയ്തില്ലെന്നു പറഞ്ഞു. ഒടുക്കം അതെങ്ങനെയോ പോയതുതന്നെ. തന്റെ വിധി ഇങ്ങനെയാണ് എന്നു തീർച്ചപ്പെടുത്തിക്കൊണ്ടു നമ്പൂരി ഉണ്ണാൻ ചെന്നിരുന്നു. വ്യസനംകൊണ്ട് അദേഹത്തിനു ചോറിറങ്ങുന്നില്ലായിരുന്നു. എങ്കിലും വിശപ്പും ദാഹവും കലശലായിട്ടുണ്ടായിരുന്നതിനാൽ കുറെ ചോറു വാരിത്തിന്നു കുറെ വെള്ളവും കുടിച്ച് ഒരുവിധം ഊണു കഴിച്ചെന്നു വരുത്തിയെന്നേ പറയാനുള്ളു. വ്യസനവും ക്ഷീണവും നിമിത്തം നടക്കാൻ ശക്തനല്ലാതെ അദ്ദേഹം അമ്പലത്തിൽത്തന്നെ മുണ്ടും വിരിച്ചു കിടന്നു. വെയിലൊട്ടാറിയപ്പോൾ, "ഞാനിങ്ങനെ വ്യസനിച്ച് ഇവിടെക്കിടന്നതുകൊണ്ട് എന്തു പ്രയോജനമാണുള്ളത്? "ലിഖിതമപി ലലാടേ പ്രാഝിതും കസ്സമർഥഃ" എന്നു വിചാരിച്ച് ഒരുവിധം സമാധാനപ്പെട്ടുകൊണ്ട് അവിടെനിന്നെണീറ്റു പോവുകയും ചെയ്തു.
പിന്നെയും കുറച്ചുകാലം കഴിഞ്ഞപ്പോൾ ആ നമ്പൂരി യഥാപൂർവം ദേശസഞ്ചാരത്തിനായി ഇല്ലത്തു നിന്നു പുറപ്പെട്ടു ചില സ്ഥലങ്ങളിലെല്ലാം സഞ്ചരിച്ചു ക്രമേണ അദ്ദേഹം കിള്ളിക്കുറിശ്ശിമംഗലത്തുതന്നെ വന്നു ചേർന്നു. അത് ഒരു ദിവസം വൈകുന്നേരമായിരുന്നു. കുളികഴിഞ്ഞ് അദ്ദേഹം അമ്പലത്തിൽച്ചെന്ന് ശാന്തിക്കാരനെക്കണ്ട് തനിക്കുകൂടി അത്താഴം വേണമെന്നു പറഞ്ഞു. ശാന്തിക്കാരൻ ഇദ്ദേഹത്തെക്കണ്ടപ്പോൾത്തന്നെ അറിയുകയും മുമ്പുണ്ടായ കഥ ഓർക്കുകയും ചെയ്യുകയാൽ, "ഓഹോ! അത്താഴം ഇവിടെയാവാം. എനിക്കും ഇവിടെതതന്നെയാണ് അത്താഴം. ഇന്നു മടിശ്ശീല കുളക്കടവിൽവെച്ചു മറക്കുകയോ മറ്റോ ചെയ്തുവോ? എന്നാൽ ചോറധികം വേണ്ടി വരികയില്ലല്ലോ" എന്നു പറഞ്ഞു. അതിനുത്തരമായി നമ്പൂരി, "ഈ പ്രാവശ്യം അതിനൊന്നും തരമില്ല. ഞാൻഇല്ലത്തുനിന്നു പുറപ്പെട്ട് ഇത്രത്തോളമായേ ഉള്ളു. അധികമൊന്നും സഞ്ചരിക്കാനും ഒട്ടും സമ്പാദിക്കാനും ഇടയായില്ല. മടിശ്ശീലവെച്ചു മറക്കുകയും മറ്റും മടക്കത്തിലാവാമെന്നാണ് വിചാരിക്കുന്നത്" എന്നു പറയുകയും ചെയ്തു.
അത്താഴം കഴിഞ്ഞപ്പോൾ വന്നേരിക്കാരൻ നമ്പൂരി "ഇനിയൊന്നു കിടക്കണമല്ലോ, അതെവിടെയാണു വേണ്ടത്?" എന്നു ചോദിച്ചു. "അതിനൊക്കെ തരമാക്കാം. നമുക്കിവിടെ ഒരു കിടപ്പിന്റെ വട്ടമൊക്കെയുണ്ട്. അങ്ങോട്ടു പോകാം. അവിടെ സ്ഥലം ധാരാളമുണ്ട്" എന്നു ശാന്തിക്കാരൻ നമ്പൂരി മറുപടി പറയുകയും അവർ രണ്ടുപേരും കൂടി അങ്ങോട്ടു പോവുകയും ചെയ്തു.
കിള്ളിക്കുറിശ്ശിമംഗലത്തു ക്ഷേത്രത്തിലെ ശാന്തിക്കാരൻ നമ്പൂരി തിരുവിതാംകൂറിൽ ഏറ്റുമാനൂർ താലൂക്കിൽ കിടങ്ങൂർ ദേശത്തുള്ള ആളായിരുന്നു. അദ്ദേഹത്തിന് അവിടെ "കലക്കത്ത്" എന്നു പ്രസിദ്ധമായ നമ്പ്യാർമഠത്തിൽ സംബന്ധമുണ്ടായിരുന്നു. അങ്ങോട്ടാണ് അവർ പോയത്. അവിടെച്ചെന്നപ്പോഴേക്കും ശാന്തിക്കാരൻ നമ്പൂരിയുടെ ഭാര്യ ഇവർക്കു രണ്ടുപേർക്കും കാൽ കഴുകുന്നതിനുള്ള വെള്ളം കൊണ്ടുചെന്നു കൊടുക്കുകയും നാലുകെട്ടിൽ ഒരു വിളക്കു കൊണ്ടുവന്നുവെച്ച്, ഒരു പുല്ലുപായ് വിരിച്ചു കൊടുക്കുകയും മുറുക്കാനുള്ള സാമാനങ്ങളെല്ലാം കൊണ്ടു വന്നു തയ്യാറാക്കി വെയ്ക്കുകയും ചെയ്തു. നമ്പൂരിമാർ കാൽ കഴുകിത്തോർത്തി, പുല്ലുപായയിൽ ചെന്നിരുന്നു മുറുക്കി ഓരോ വെടികൾ പറഞ്ഞുതുടങ്ങി. അതൊക്കെക്കേട്ടു രസിച്ചുകൊണ്ടു ശാന്തിക്കാരൻ നമ്പൂരിയുടെ ഭാര്യയും അടുക്കൽ ചെന്നുകൂടി. വന്നേരിക്കാരൻ നമ്പൂരി യുടെ പ്രധാനവി‌ഷയം അദ്ദേഹത്തിന്റെ കഷ്ടപ്പാടുകളും മറ്റുമായിരുന്നു. ശാന്തിക്കാരൻ നമ്പൂതിരി പറഞ്ഞത് ആ നമ്പ്യാർമഠത്തിലെ സ്ഥിതിയെപ്പറ്റിയും മറ്റുമായിരുന്നു. ആ നമ്പ്യാർമഠത്തിൽ വളരെക്കാലമായി സ്ത്രീകളല്ലാതെ പുരു‌ഷൻമാരാരുമില്ലാതെയിരിക്കുകയായിരുന്നു. ഒരാൺകുട്ടിയുണ്ടായാൽക്കൊള്ളാമെന്ന് വിചാരിച്ച് അവർ വളരെ സൽക്കർമ്മങ്ങളൊക്കെ നടത്തിയെന്നും ഇപ്പോഴും ഓരോന്നു നടത്തിക്കൊണ്ടാണിരിക്കുന്നതെന്നും എന്നിട്ടും ഫലമൊന്നും കാണിന്നില്ലെന്നും മറ്റും ശാന്തിക്കാരൻ നമ്പൂരി പറഞ്ഞപ്പോൾ തനിക്കും പുരു‌ഷസന്താനമൊന്നും ഉണ്ടായിട്ടില്ലെന്നും നാലഞ്ചുപെൺകിടാങ്ങളാണുണ്ടായിട്ടുളളതെന്നും അവരെ വേളികഴിച്ചു കൊടുക്കാൻ നിവൃത്തിയില്ലാഞ്ഞിട്ടാണ് താനിങ്ങനെ കഷ്ടപ്പെട്ട് അലഞ്ഞു നടക്കുന്നതെന്നും മറ്റും വന്നേരിക്കാരൻ നമ്പൂരിയും പറഞ്ഞു. ആ കൂട്ടത്തിൽ താൻ കുളക്കടവിൽ മടിശ്ശീലവെച്ചു മറന്ന കഥയുംകൂടി അദ്ദേഹം പ്രസ്താവിച്ചു. മടിശ്ശീലയുടെ കാര്യം പറഞ്ഞപ്പോൾ ശാന്തിക്കാരൻ നമ്പൂരിയുടെ ഭാര്യ അതിനെപ്പറ്റി ചിലതെല്ലാം ചോദിക്കുകയും വന്നേരിക്കാരൻ നമ്പൂരി എല്ലാം വിസ്തരിച്ചു പറഞ്ഞുകേൾപ്പിക്കുകയും ചെയ്തു. ഉടനെ ആ സ്ത്രീ അവിടെനിന്നെണീറ്റുപോയി അറ തുറന്ന് ഒരു മടിശ്ശീലയെടുത്തു കൊണ്ടുവന്ന്, "ഇതായിരിക്കുമോ അവിടത്തെ മടിശ്ശീല?" എന്നു ചോദിച്ചുകൊണ്ടു വന്നേരിക്കാരൻ നമ്പൂരിയുടെ മുമ്പിൽ വെച്ചു. നമ്പൂരി അതെടുത്തുനോക്കി. "ഇതുതന്നെ. ഞാൻകെട്ടിയ കെട്ട് അഴിച്ചിട്ടുകൂടിയില്ല" എന്നു പറഞ്ഞുകൊണ്ടു മടിശ്ശീല അഴിച്ചു പണം എണ്ണിനോക്കിയപ്പോൾ ശരിയായിരുന്നു. ആ സമയം നമ്പൂരിക്കുണ്ടായ സന്തോ‌ഷം എത്രമാത്രമാണെന്നു പറണ്ടേതില്ലല്ലോ. അദ്ദേഹം "ഇതെങ്ങനെ കിട്ടി?" എന്നു ചോദിച്ചു. അപ്പോൾ ആ സ്ത്രീ "മുമ്പൊരിക്കൽ ഒരു ദിവസം ഉച്ചയ്ക്കു ഞാൻശുദ്ധംമാറിപ്പോവുകയാൽ കുളിക്കാനായി കുളക്കടവിൽ ചെന്നപ്പോൾ അവിടെ കുറെ ചാണകം കിടക്കുന്നതു കണ്ടു. കുളി കഴിഞ്ഞു പോന്നപ്പോൾ അതുകൂടികൊണ്ടുപോരാമെന്നു വിചാരിച്ചു വാരിയെടുത്തപ്പോൾ അതിനിടയിൽ ഈ മടിശ്ശീല ഇരുന്നിരുന്നു. ഞാനിവിടെക്കൊണ്ടുവന്നു ചാണകമൊക്കെ തുടച്ചുകളഞ്ഞു. മടിശ്ശീല പെട്ടിയിൽവെച്ചു സൂക്ഷിച്ചു. ആരെങ്കിലും ഉടമസ്ഥൻമാരന്വേ‌ഷിച്ചു വന്നാൽ കൊടുക്കണമെന്നും വിചാരിച്ചിരുന്നു. ഇതുവരെ ഉടമസ്ഥനെ കണ്ടില്ല. ഇപ്പോൾ ഇത് ഇവിടുത്തേതാണെന്നറിയാനിടയായതു വലിയ ഭാഗ്യമായി. ഇത് ഉടമസ്ഥനെ ഏല്പികൊടുക്കാനിടയാകാഞ്ഞിട്ടു ഞാൻ വളരെ വ്യസനിച്ചുകൊണ്ടിരിക്കുകയായിരുന്നു" എന്നു പറഞ്ഞു. ഇത്രയും കേട്ടപ്പോൾ സംഗതിയൊക്കെ വെളിവായി. നമ്പൂരി കുളിച്ചുജപിച്ചു കൊണ്ടുനിന്ന സമയം അവിടെ ഒരു പശു പുല്ലു തിന്നുകൊണ്ടു നിന്നിരുന്നു. ആ പശു ഈ മടിശ്ശീലയുടെ മുകളിൽ ചാണകമിട്ടു. അതു നമ്പൂരി കണ്ടില്ല. ചാണകത്തിനടിയിൽ മടിശ്ശീലയുണ്ടായിരിക്കുമെന്നോ പശു അതിന്റെ മീതെ ചാണകമിട്ടിരിക്കുമെന്നോ അദ്ദേഹം വിചാരിച്ചുമില്ല. അദ്ദേഹം നോക്കിയത് ചാണകം കിടന്നതിന്റെ അടുക്കലൊക്കെ യായിരുന്നു. ഊണു കഴിക്കാനുള്ള പരിഭ്രമംകൊണ്ടു മടിശ്ശീലവെച്ചത് എവിടെയായിരുന്നുവെന്ന് അദ്ദേഹത്തിന് അത്ര നിശ്ചയമുണ്ടായിരുന്നില്ല. ഈ സ്ത്രീ കുളിക്കാൻ ചെന്നതും ചാണകം വാരിക്കൊണ്ടു പോന്നതും നമ്പൂരി കുളികഴിഞ്ഞ് അമ്പലത്തിലേക്ക് പോയതിന്റെ ശേ‌ഷമായിരുന്നു. ഇങ്ങനെയൊക്കെയാണ് കാര്യം പറ്റിയതെന്ന് അപ്പോൾ എല്ലാവർക്കും മനസ്സിലായി. ഉടനെ ആ നമ്പൂരി ആ പണത്തിൽ പകുതി മാറ്റിവെച്ചിട്ട് "ഇതെനിക്കിപ്പോൾ വെറുതേ തന്നതുപൊലെയാണിരിക്കുന്നത്. അതിനാൽ എനിക്കു പകുതി മതി. പകുതി നിനക്കുമിരിക്കട്ടെ" എന്ന് സ്ത്രീയോടു പറഞ്ഞു. അപ്പോൾ ആ സ്ത്രീ "ഞാനിതിലൊരു കാശുപൊലും വാങ്ങുകയില്ല. ഞാനങ്ങനെ ആഗ്രഹിച്ചല്ല ഇതു സൂക്ഷിച്ചുവെച്ചിരുന്നത്. അന്യന്റെ മുതൽ വല്ല സ്ഥലത്തുമിരുന്നു കിട്ടിയാൽ അതുടമസ്ഥനെ ഏല്പിക്കുക മര്യാദക്കാരുടെ ധർമമാണ്. അതിനു പ്രതിഫലം വാങ്ങുക കേവലം നീചത്വവുമാണ്. എനിക്കു വേണമെങ്കിൽ പകുതിയല്ല, മുഴുവനും തന്നെ എടുക്കാമായിരുന്നുവല്ലോ. അതു കൊണ്ടു ഞാനവിടുത്തെ സന്തോ‌ഷവും അനുഗ്രഹവും മാത്രമേ ഇതിനു പ്രതിഫലമായി ആഗ്രഹിക്കുന്നുള്ളു" എന്നു പറഞ്ഞു. ഇതു കേട്ടു സന്തു ഷ്ടമാനസനായ ആ ബ്രാഹ്മണോത്തമൻ അവിടെനിന്നെണീറ്റു രണ്ടു കയ്യുമുയർത്തി ആ സ്ത്രീയുടെ ശിരസ്സിൽ വെച്ചുകൊണ്ട് ആനന്ദാശ്രുക്കളോടുകൂടി സഗൽഗദം "അടുത്തയാണ്ടിൽ ഈ കാലത്തിനു മുമ്പായി നിനക്ക് അതിയോഗ്യനായ ഒരു പുത്രനുണ്ടാകട്ടെ" എന്നു പറഞ്ഞ് അനുഗ്രഹിച്ചു. അപ്രകാരം തന്നെ ആ സ്ത്രീ അചിരേണ ഗർഭം ധരിക്കുകയും അതികോമളാംഗനായ ഒരു പുത്രനെ പ്രസവിക്കുകയും ചെയ്തു. ആ പുത്രനാണ് കലക്കത്തു കുഞ്ചൻനമ്പ്യാരെന്നു വിശ്വവിശ്രുതനായ സരസകവികുലാഗ്രസരനായിത്തീർന്നതെന്നുള്ളത് ഇനി വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ.

വലിയ പരിഷ ശങ്കരനാരായണച്ചാക്യാർ

മുൻപൊരു കാലത്ത് അമ്പലപ്പുഴ ശങ്കരനാരായണച്ചാക്യാർ എന്നു പ്രസിദ്ധനായിട്ട് ഒരു മഹാനുണ്ടായിരുന്നു. അമ്പലപ്പുഴച്ചാക്യാരെ വലിയ പരി‌ഷച്ചാക്യാരെന്നുകൂടി പറയാറുള്ളതിനാൽ ഈ മഹാനെ സാധാരണയായി വലിയ പരി‌ഷ ശങ്കരനാരായണച്ചാക്യാർ എന്നാണ് എല്ലാവരും പറഞ്ഞുവന്നിരുന്നത്. ആ ചാക്യാർ കൊല്ലം 1022-ആമാണ്ടു നാടുനീങ്ങിയ മഹാരാജാവ് തിരുമനസ്സിലെക്കാലത്തു തിരുവനന്തപുരത്തു ചെല്ലുകയും തിരുമനസ്സിലെ സേവകൻമാരിൽ ഒരാളും ആ തിരുമേനിയിൽനിന്നു കരീന്ദ്രൻ എന്ന വിശേ‌ഷപ്പേരു ലഭിച്ച മഹാനുമായിരുന്ന കിളിമാനൂർ ചെറുണ്ണി കോയിത്തമ്പുരാൻ മുഖാന്തരം തിരുമനസ്സറിയിച്ചു മുഖം കാണിക്കുകയും അവിടെ തിരുവമ്പാടി മണ്ഡപത്തിൽവെച്ചു പന്ത്രണ്ടു ദിവസത്തെ കൂത്തു നടത്തുന്നതിനു കല്പനയുണ്ടാവുകയും ചെയ്തു. കൂത്തു പ്രബന്ധം പറയുകയായിരുന്നു. ചാക്യാരുടെ വാക്കുകേൾക്കുന്നതിന് ഒരു ദിവസം എഴുന്നള്ളിയിരുന്നു. പിന്നെ എഴുന്നള്ളാതെയിരുന്നപ്പോൾ കോയിത്തമ്പുരാൻ, തിരുമനസ്സിലെ അടുക്കൽ "ചാക്യാരുടെ കൂത്ത് അവിടെയ്ക്കത്ര രസിച്ചില്ലെന്നുണ്ടോ?" എന്നു ചോദിച്ചു. അതിനു തിരുമനസ്സുകൊണ്ട്, "എന്നില്ല. ചാക്യാർ ശ്ലോകാർത്ഥം പിഴയ്ക്കാതെ വിസ്തരിച്ചു പറയുന്നുണ്ടല്ലോ. വാക്കിനു മാധുര്യമില്ലാതത്തിനാൽ കേൾക്കാൻ സുഖം പോരാ എന്നേ ഉള്ളൂ" എന്നു മറുപടി കല്പിക്കുകയും ചെയ്തു. പന്ത്രണ്ടു ദിവസത്തെ കൂത്തു കഴിഞ്ഞപ്പോൾ ചാക്യാർക്കു പതിവുള്ള പണം കൊടുക്കാൻ കല്പിച്ചതല്ലാതെ സമ്മാനമൊന്നും കല്പിച്ചു കൊടുത്തതുമില്ല. കോയിത്തമ്പുരാനോടു മേൽപ്പറഞ്ഞപ്രകാരം കല്പിച്ചത് എങ്ങനെയോ ചാക്യാർ മനസ്സിലാക്കി. അതുകൊണ്ടും സമ്മാനമൊന്നും ലഭിക്കായ്കകൊണ്ടും ചാക്യാർക്കു വളരെ കുണ്ഠിതമുണ്ടായി. എങ്കിലും ചാക്യാർ നിരുൽത്സാഹിയായി ഭവിക്കാതെ ഈ തിരുമനസ്സിലെ തൃക്കയ്യിൽനിന്നു സമ്മാനം വാങ്ങുവാൻ സാധിക്കുമോ എന്നൊന്നു പരീക്ഷിച്ചു നോക്കണമെന്ന് നിശ്ചയിച്ച് തിരുവനന്തപുരത്തു നിന്നു കന്യാകുമാരിക്കു പോയി. അവിടെ ഒരു സംവൽസരഭജനം നടത്തിയതിന്റെ ശേ‌ഷം വീണ്ടും തിരുവനന്തപുരത്തു വരികയും കോയിത്തമ്പുരാനെ കാണുകയും കോയിത്തമ്പുരാൻ വിവരം തിരുമനസ്സറിയിക്കുകയും അപ്പോഴും പന്ത്രണ്ടു ദിവസത്തെ കൂത്തു നടത്തുവാൻ കല്പനയുണ്ടാവുകയും ചെയ്തു. കൂത്തു തുടങ്ങി നാലഞ്ചു ദിവസമായിട്ടും വാക്കു കേൾക്കാൻ ഒരു ദിവസവും എഴുന്നള്ളിയില്ല. അതിനാൽ ചെറുണ്ണിക്കോയിത്തമ്പുരാൻ, "എന്താ ചാക്യാരുടെ വാക്കു കേൾക്കാൻ ഇതുവരെ എഴുന്നള്ളിയില്ലല്ലോ. ഒരു ദിവസമെങ്കിലും എഴുന്നള്ളി കേൾക്കേണ്ടതാണ്" എന്നു പറഞ്ഞു. അതുകേട്ടു തിരുമനസ്സുകൊണ്ട് "കഴിഞ്ഞകൊല്ലം കേട്ടതാണല്ലോ" എന്നു കല്പിച്ചു. അപ്പോൾ കോയിത്തമ്പുരാൻ "അതുകൊണ്ടു മതിയായില്ല. കഴിഞ്ഞകൊല്ലം കല്പിച്ചതു ചാക്യാരുടെ വാക്കിനു മാധുര്യമില്ല എന്നാണല്ലോ. ഇക്കൊല്ലം അങ്ങനെയല്ല. വാക്കിന് ഇതിലധികം മാധുര്യമുണ്ടാകാൻ നിവൃത്തിയില്ലാത്ത നിലയിലായിട്ടുണ്ട്" എന്നറിയിച്ചു."എന്നാൽ നാളെത്തന്നെ ഒന്നു കേട്ടുകളയാം" എന്നു കല്പിക്കുകയും ചെയ്തു.
പിറ്റേ ദിവസം എഴുന്നള്ളി ചാക്യാരുടെ വാക്കു കേട്ടു വളരെ സന്തോ‌ഷിച്ചു. ഉടനെ ഒന്നാം തരത്തില രണ്ടു വീരശൃംഘല വരുത്തി കൂത്തു കഴിഞ്ഞയുടനെ ചാക്യാരെ കല്പിച്ചു വിളിപ്പിച്ചു തൃക്കൈകൊണ്ടു തന്നെ രണ്ടു കയ്യിന്മേലിടുവിക്കുകയും "കൂത്തു വളരെ നന്നായി. ഇത്രയും മാധുര്യമുള്ള വാക്കു ചാക്യാൻമാർ പറഞ്ഞ് ഇതിനു മുമ്പു കേട്ടിട്ടില്ല. വളരെ സന്തോ‌ഷമായി" എന്നു കല്പിക്കുകയും ചെയ്തു. ആദ്യം നിശ്ചയിച്ചതുകൂടാതെ കല്പനപ്രകാരം പിന്നെ നാൽപ്പതു ദിവസത്തെ കൂത്തുകൂടിയുണ്ടായി. എല്ലാ ദിവസവും എഴുന്നള്ളി വാക്കു കേൾക്കുകയും വളരെ സന്തോ‌ഷമായി കല്പിക്കുകയും ഓണപ്പുടവ കൊടുത്തയയ്ക്കുകയും ചെയ്തു.
അക്കാലം മുതൽ വലിയ പരി‌ഷ ശങ്കരനാരാണയച്ചാക്യാർ എന്നുള്ള പ്രസിദ്ധി ഭൂലോകമെല്ലാം നിറഞ്ഞു. "ഇങ്ങനെയൊരു ചാക്യാർ മുമ്പുണ്ടായിട്ടുമില്ല. ഇനി ഉണ്ടാവുകയുമില്ല" എന്നു സകല ജനങ്ങളും ഒരു പോലെ പ്രശംസിച്ചുതുടങ്ങുകയും ചെയ്തു. അതു വാസ്തവമായിരുന്നു. വാക്കിന് മാധുര്യാദി ‌ഷൾഗുണങ്ങളുടെ തികച്ചിൽ ഇതുപോലെയുണ്ടായിട്ട് ഒരു ചാക്യാർ അതിനുമുമ്പും അതിൽ പിന്നെയുമുണ്ടായിട്ടില്ലെന്നുതന്നെയാണ് കേൾവി.
ഇത്രയുമായപ്പോഴേക്കും വിദ്വാൻമാർക്ക് ഉണ്ടാകാത്തവയും ഉണ്ടാകരുതാത്തവയുമായ ചില ദുർഗുണങ്ങൾ ആ ചാക്യാർക്കുണ്ടായിത്തീർന്നു. അവ മറ്റൊന്നുമല്ല. അഹംഭാവം, പരപുച്ഛം, ദുരാഗ്രഹം ഇത്യാദികളാണ്. അതിനാൽ സാമാന്യക്കാരു പറഞ്ഞാലും വിളിച്ചാലും അയാൾ എങ്ങും പോകാതെയും കൂത്തു കഴിക്കാതെയുമായി. വലിയ രാജാക്കൻമാരോ പ്രഭുക്കൻമാരോ അല്ലാതെ വല്ലവരും വിളിച്ചാൽ വച്ചിടത്തുമൊക്കെപ്പോയി കൂത്തു കഴിക്കുന്നതു കുറച്ചിലാണെന്നാണ് അയാൾക്കു പ്രധാനമായിട്ടുണ്ടായ ഒരു വിചാരം.
ഇങ്ങനെയിരിക്കുമ്പോൾ മുറജപത്തിനു പോകാനായി വാദ്ധ്യാന്മാർ, വൈദികന്മാർ, വലിയ വലിയ ആടന്മ്യന്മാർ മുതലായി അസംഖ്യം ബ്രാഹ്മണശ്രഷ്ഠന്മാർ ഒരു ദിവസം അമ്പലപ്പുഴ വന്നു ചേർന്നു. ശങ്കരനാരായണച്ചാക്യാരുടെ വാക്കു വളരെ കേമമാണെന്നും മറ്റും ഓരോരുത്തർ സ്തുതിക്കുന്നതല്ലാതെ ആ ചാക്യാരുടെ വാക്ക് അവരാരും കേട്ടിട്ടുണ്ടായിരുന്നില്ല. അതിനാൽ അമ്പലപ്പുഴയെത്തുമ്പോൾ അതൊന്നു കേൾക്കണമെന്നു തീർച്ചപ്പെടുത്തിക്കൊണ്ടാണ് അവിടെ വന്നു ചേർന്നത്. തോണിയിൽനിന്ന് ഇറങ്ങിയ ഉടനെ ചാക്യാരെക്കണ്ടു കൂത്തിന്റെ കാര്യം ഏർപ്പാടു ചെയ്തിട്ടുവേണം മറ്റുള്ള കാര്യങ്ങളൊക്കെ എന്നു നിശ്ചയിച്ച് ഒട്ടുവളരെ നമ്പൂരിമാർ ചാക്യാരുടെ മഠത്തിലെത്തി. ചാക്യാർ അവരെ യഥോചിതം ആസനസൽക്കാരം ചെയ്തിരുത്തീട്ട് അവർ അവിടെ ചെന്നതിന്റെ കാരണം ചോദിച്ചു. നമ്പൂരിമാർ അവരുടെ ആഗ്രഹത്തെ ചാക്യാരെ അറിയിച്ചു. അപ്പോൾ ചാക്യാർ "ഇന്ന് എനിക്കു നല്ല സുഖമില്ലാത്ത ദിവസമാണ് . നാളെയോ മറ്റോ ആവാം" എന്നു പറഞ്ഞു.
നമ്പൂരിമാർ: ചാക്യാർ ഇങ്ങനെ മടി പറയരുത്. ഞങ്ങളിത് ആഗ്രഹിച്ചു തുടങ്ങീട്ടു വളരെ നാളായി. ഏതെങ്കിലും മുറജപത്തിന് ഇങ്ങോട്ടു വരണമല്ലോ. അപ്പോൾ ഇതും സാധിച്ചുകൊള്ളാമെന്നു ഞങ്ങൾ ഉറപ്പായി വിശ്വസിച്ചുംകൊണ്ടാണ് വന്നത്. അത് ചാക്യാർ സാധിപ്പിക്കണം.അല്ലെങ്കിൽ ഞങ്ങൾക്ക് വളരെ വ്യസനവും ഇച്ഛാഭംഗവുമുണ്ടാകും. ഞങ്ങൾക്കു ഒരു സ്ഥലത്ത് ഒരു നേരത്തിലധികം താമസിക്കാവുന്നതല്ല. ചാക്യാരുടെ വാക്കു കേൾക്കാനുള്ള ആഗ്രഹാധിക്യംകൊണ്ടാണ് അത്താഴത്തിനുകൂടി ഇവിടെ താമസിക്കാമെന്നു വച്ചത്. അത്താഴം കഴിഞ്ഞാലുടനെ പോകാതെയിരിക്കാൻ ഞങ്ങൾക്കു നിവൃത്തിയില്ല.
ചാക്യാർ: ഇന്ന് എങ്ങനെയായാലും സാധിക്കയില്ല. നാളെയാണെങ്കിൽ വല്ലതുമാവട്ടെ. പ്രയാസമായിട്ടാണിരിക്കുന്നത്. എനിക്കു തീരെ സുഖമില്ല. ഒരു ജലദോ‌ഷച്ഛായയോ ഒച്ചയടപ്പോ ഏതാണ്ടൊക്കെയുണ്ട്.
നമ്പൂരിമാർ: അതെന്താക്കെയായാലും കൂത്തിന്നു വേണം. അതിനു ചാക്യാരു യാതൊരു ഒഴികഴിവും പറയരുത്. ഇവിടെ വന്നിട്ടു ചാക്യാരുടെ വാക്കു കേൾക്കാതെ പോകുന്നതു ഞങ്ങൾക്കു വലിയ സങ്കടമാണ്. പണം എത്ര വേണമെങ്കിലും തരാൻ ഞങ്ങൾ തയ്യാറാണ്.
ചാക്യാർ: പണത്തിന്റെ കാര്യം വിചാരിച്ചിട്ടു മറ്റുമല്ല. എനിക്കിന്നു നിവൃത്തിയില്ലാഞ്ഞിട്ടാണ്.
നമ്പൂരിമാർ: അയ്യോ! ചാക്യാരങ്ങനെ പറയരുത്. ഞങ്ങൾ പലർകൂടി അപേക്ഷിക്കുന്നതാണ്. വാദ്ധ്യാന്മാരും വൈദികന്മാരും വേറെ പല യോഗ്യന്മാരും വന്നിട്ടുണ്ട്. അവർക്കൊക്കെ ചാക്യാരുടെ വാക്കു കേട്ടാൽ കൊള്ളാമെന്നു വളരെ മോഹമുണ്ട്. അതിനാൽ ചാക്യാർ ഞങ്ങളുടെ അപേക്ഷയെ ഉപേക്ഷിക്കരുത്.
ചാക്യാർ: ഇതൊരു നാശമായിട്ടു തീർന്നല്ലോ. എന്തു പറഞ്ഞാലും ഒഴിച്ചുപോവുകയില്ലെന്നുവച്ചാലെങ്ങനെയാണ്? ഇന്നെനിക്കു പ്രയാസമാണെന്നു പറഞ്ഞില്ലേ? വല്ലവരും വന്നു പറഞ്ഞുലുടനെ കൂത്തു കഴിക്കാൻ ഇവിടെ തയ്യാറില്ല. എന്റെ വാക്കു കേൾക്കണമെന്നുള്ളവർ എന്റെ സൗകര്യംകൂടി നോക്കണം. ഇനി ഇക്കാര്യത്തെപ്പറ്റി എന്നോടൊന്നും പറയേണ്ട. ഞാനതിനു തയ്യാറായില്ല. വേണമെങ്കിൽ നിങ്ങൾ മടക്കത്തിലിതിലേ വന്നാൽ സകൗര്യമുണ്ടെങ്കിൽ അന്നാവാം.
ചാക്യാർ ഇപ്രകാരം തീർച്ചയാക്കി പറഞ്ഞപ്പോൾ ശുദ്ധാത്മാക്കളായ ആ ബ്രാഹ്മണശ്രഷ്ഠർക്കു സഹിക്കവയ്യാതെകണ്ടുള്ള വ്യസനവും ഇച്ഛാഭംഗവും ഉണ്ടായെന്നുള്ളതു പറയേണ്ടതില്ലല്ലോ. അവരെല്ലാവരും വലിയ ആഡ്യന്മാരും ജന്മികളുമായിരുന്നു. അവരെന്തെങ്കിലും ആരോടെങ്കിലും പറഞ്ഞാൽ സമ്മതിക്കുകയല്ലാതെ ആരും പതിവില്ല. ഇങ്ങനെ ഒരനുഭവം അവർക്ക് ഇദംപ്രഥമമായിട്ടായിരുന്നു. ആരോടെങ്കിലും എന്തെങ്കിലും പറയണമെങ്കിൽ ആളയച്ചുവരുത്തിപ്പറയുകയല്ലാതെ അവർ മറ്റൊരാളിരിക്കുന്നിടത്തു ചെന്ന് ഒരു കാര്യം പറയുകതന്നെ പതിവില്ല. ചാക്യാരുടെ വാക്കു കേൾക്കാനുള്ള ആഗ്രഹാധിക്യം നിമിത്തം അവർ സ്വാഭിമാനമെല്ലാം വിട്ട് ആ ചാക്യാരുടെ ഇരിപ്പിടത്തുചെന്ന് വളരെ താഴ്മയോടുകൂടി പല വിധത്തിൽ അപേക്ഷിച്ചിട്ടും അയാൾ അതിനെ കൈക്കൊള്ളാതെയിരുന്നതിൽ അവർക്കു വളരെ വ്യസനമുണ്ടായത് ഒരത്ഭുതമല്ല. ചാക്യാരുടെ ധിക്കാരവചനം കേട്ടിട്ട് അവർക്കു വ്യസനം മാത്രമല്ല, കുറേശ്ശെ കോപവുമുണ്ടായി. അവരിൽ വയോവൃദ്ധനും തപോവൃദ്ധനുമായ ഒരു നമ്പൂരി വ്യസനത്തോടുകൂടി "ഞങ്ങൾ ഇങ്ങോട്ടു മടങ്ങിവരുമ്പോളല്ലാതെ തരമാവുകയില്ല അല്ലേ? അതു തീർച്ചതന്നെയാണോ?" എന്നു വീണ്ടും ചോദിച്ചു. "തീർച്ചതന്നെ" എന്നു ചാക്യാർ മറുപടി പറഞ്ഞു. അപ്പോൾ ആ നമ്പൂരി ഞങ്ങൾ "തിരിയെ വരുമ്പോഴേയ്ക്കും നിനക്കു പറയാൻ വയ്യാതെയായിപ്പോയെങ്കിലോ?" എന്നു ചോദിച്ചു. അതിനുത്തരം പറയാനായി ചാക്യാർ "എ" എന്നൊരക്ഷരം മാത്രം പറഞ്ഞു. അപ്പോഴേയ്ക്കും നാവു തളർന്നു പോയതിനാൽ ഒന്നും പറയാൻ വയ്യാതെയായിപ്പോയി. നമ്പൂരിമാർ കുളിയും ഊണും കഴിച്ചു തിരുവനന്തപുരത്തേക്കു പോയി. ചാക്യാർ ഒന്നും സംസാരിക്കാൻ വയ്യാതെ കേവലം മൂകനെപ്പോലെ പിന്നെയും വളരെക്കാലം ജീവിച്ചിരുന്നു. പശ്ചാത്താപമനുഭവിച്ചതിന്റെ ശേ‌ഷം ചരമഗതിയെ പ്രാപിക്കുകയും ചെയ്തു.

ആഴുവാഞ്ചേരി തമ്പ്രാക്കളും മംഗലത്തു ശങ്കരനും

ഴുവാഞ്ചേരി തമ്പ്രാക്കളുടെ ഇല്ലത്തിനു സമീപം മംഗലത്ത് എന്നൊരു നായർ ഭവനമുണ്ടായിരുന്നു. ആ വീട്ടിൽ ശങ്കരൻ എന്നൊരു നായരുണ്ടായിരുന്നു. അയാളുടെ ജോലി ആഴുവാഞ്ചേരിമനയ്ക്കലെ കന്നുകാലികളെ മേയ്ക്കുകയായിരുന്നു. ആ ജോലിക്കു ശങ്കരനെ നിയമിച്ച കാലത്തു മനയ്ക്കൽ അസംഖ്യം കന്നുകാലികളുമുണ്ടായിരുന്നു. ദിവസംതോറും രാവിലെ ശങ്കരൻ മനയ്ക്കൽചെന്നു കന്നുകാലികളെ എല്ലാമഴിച്ചുവിട്ടു കൊണ്ടുപോയി തീറ്റി നേരം വൈകുമ്പോൾ മനയ്ക്കൽ കൊണ്ടുചെന്നു തൊഴുത്തുകളിലാക്കിക്കെട്ടും. അങ്ങനെയാണു പതിവ്. അയാൾ കന്നുകാലികളെ അഴിച്ചുവിട്ടുകൊണ്ടുപോകുമ്പോൾ അവ പലവഴിയായി പോയിത്തുടങ്ങും. വിളിച്ചാലും പറഞ്ഞാലുമൊന്നും അവ അനുസരിക്കുകയുമില്ല. ആകപ്പാടെ നൂറുനൂറ്റമ്പതെണ്ണമുണ്ട്. അവയെ എല്ലാം മേയ്ക്കാൻ അയാളൊരുത്തൻ മാത്രമേയുള്ളൂ. അയാൾ പറഞ്ഞിട്ടു കേൾക്കാതെയിരുന്നാൽ ഒരു വടികൊണ്ട് ഒരു പശുവിന് ഒന്നടിച്ചു. അടി കൊണ്ടയുടനെ പശു അവിടെ വീണു ചത്തു. ശങ്കരൻ പശുവിനെ അടികൊണ്ട സ്ഥാനം നോക്കി മനസ്സിലാക്കി. പിന്നെ പശുവായാലും കാളയായാലും അയാൾ പറഞ്ഞിട്ടു കേട്ടില്ലെങ്കിൽ അയാൾ ആ സ്ഥാനം നോക്കി ഒരടി കൊടുക്കും. അടി കൊണ്ടാലുടനെ ആ മൃഗം വീണു ചാകുകയും ചെയ്യും. അങ്ങനെ പതിവായി. അങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോഴേക്കും കന്നുകാലികൾ മിക്കതും ചത്തൊടുങ്ങി. ശങ്കരനു ബുദ്ധിമുട്ടും വളരെ കുറഞ്ഞു.
അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം തമ്പ്രാക്കൾ തന്റെ കന്നുകാലികളെല്ലാം നന്നായിരിക്കുന്നുവോ എന്നു നോക്കാനായിച്ചെന്നു തൊഴുത്തുകളിൽ നോക്കിയപ്പോൾ അവ മിക്കവാറും ശൂന്യങ്ങളായിരിക്കുന്നതായി കണ്ടു. ഒരു തൊഴുത്തിൽ മാത്രം ഒന്നോ രണ്ടോ പശുക്കളുണ്ടായിരുന്നു. അവയും പട്ടിണി കിടന്നു ക്ഷീണിച്ച് ഏകദേശം ചാകാറായിരുന്നു. ഉടനെ തമ്പ്രാക്കൾ ശങ്കരനെ വിളിച്ച് "നമ്മുടെ കന്നുകാലികളൊക്കെ എവിടെ" എന്നു ചോദിച്ചു.
ശങ്കരൻ: അതങ്ങനെയിരിക്കും. ആരായാലെന്താ? കന്നുകാലികളായാലും വകതിരിവു വേണം. പറഞ്ഞാൽ കേൾക്കാഞ്ഞാലങ്ങനെയിരിക്കും. അടിയനോടു കളിച്ചാലങ്ങനെയാണ് തമ്പുരാനേ!
തമ്പ്രാക്കൾ: നീയെന്താണു പറയുന്നത് ശങ്കരാ! എനിക്കൊന്നും മനസ്സിലാകുന്നില്ല. നമ്മുടെ കന്നുകാലികളൊക്കെയെവിടെ?
ശങ്കരൻ: അവയൊക്കെ അസത്തുക്കളും അധികപ്രസംഗികളുമായിരുന്നു, തമ്പുരാനേ! പറഞ്ഞാൽ കേൾക്കുന്നതായി അതിലൊന്നുമുണ്ടായിരുന്നില്ല.
തമ്പ്രാക്കൾ: അതൊക്കെയിരിക്കട്ടെ, അവ എവിടെ?
ശങ്കരൻ: എല്ലാം ചത്തു.
തമ്പ്രാക്കൾ: അയ്യോ! അതെങ്ങനെ?
ശങ്കരൻ: പറഞ്ഞാൽ പറഞ്ഞതുപോലെ കേട്ടു നിൽക്കാഞ്ഞിട്ട് അടിയൻ ഓരോ വീക്കു കൊടുത്തു. എല്ലാം മറിഞ്ഞുവീണു ചാവുകയും ചെയ്തു. അവയെല്ലാം അസത്തുക്കളായിരുന്നു തമ്പുരാനേ! അങ്ങനെയുള്ളവ നമുക്കു വേണ്ട. തെക്കോട്ടു പോകാൻ പറഞ്ഞാൽ വടക്കോട്ടു പോകും. അങ്ങനെയുള്ളവ നമുക്കെന്തിനാണ്?
തമ്പ്രാക്കൾ: അയ്യോ! മഹാപാപീ! നീ ചതിച്ചല്ലോ. മുതൽ പോയതോ പോയി. അതു വല്ലതുമാകട്ടെ, നീ മഹാപാപമെല്ലാം കെട്ടി വച്ചല്ലോ. ഇതിന്റെ ഒരംശം നമ്മുടെ തറവാട്ടേക്കുമിരിക്കുമല്ലോ. നീയിനി എത്രകാലം നരകമനുഭവിച്ചാൽ ഈ പാപമെല്ലാം തീരും? ഇതു വലിയ കഠിനമായിപ്പോയി.
ശങ്കരൻ: അയ്യോ! അടിയനതൊന്നും വിചാരിച്ചില്ല. അടിയനതൊന്നും അറിയാനും വയ്യ! പാപമെന്നു പറഞ്ഞാലെന്താണ് തമ്പുരാനേ! അവിടുന്നു പാപമെന്നും നരകമെന്നുമൊക്കെ അരുളിച്ചെയ്യുന്നതിന്റെ സാരം അടിയനു മനസ്സിലാകുന്നില്ല.
ശങ്കരൻ കേവലം മൃഗപ്രായനായിരുന്നുവെന്നുള്ളതു പറയണമെന്നില്ലല്ലോ. അയാൾ പാപമെന്നും പുണ്യമെന്നും നരകമെന്നും സ്വർഗമെന്നുമുള്ളതൊന്നും കേട്ടിട്ടു തന്നെ ഉണ്ടായിരുന്നില്ല. അയാൾ ഒടുവിൽ പറഞ്ഞതു കേട്ടിട്ടു തമ്പ്രാക്കൾ പാപപുണ്യങ്ങളെയും നരകസ്വർഗങ്ങളെയും മറ്റും പറ്റി വിസ്തരിച്ചു പറഞ്ഞു കേൾപ്പിച്ചു. ഓരോരോ നരകങ്ങളെയും നരകാനുഭവങ്ങളുടെ കഷ്ടതകളെയും പറ്റി തമ്പ്രാക്കൾ വിവരിച്ചു പറഞ്ഞുകേട്ടപ്പോൾ ഭയവും വ്യസനവും സഹിക്കാൻ പാടില്ലാതായിട്ടു ശങ്കരൻ കരഞ്ഞുതുടങ്ങി. അയാൾ കേവലം മൂഢനായിരുന്നുവെങ്കിലും അയാൾക്കു തമ്പ്രാക്കളെക്കുറിച്ചു വളരെ ഭക്തിയും അവിടുത്തെ വാക്കിൽ ദൃഢമായ വിശ്വാസവുമുണ്ടായിരുന്നു. അതിനാൽ അയാൽ വ്യസനിച്ചു കരഞ്ഞു തൊഴുതുകൊണ്ട്, "അടിയന്റെ അറിവില്ലായ്കകൊണ്ട് ഇങ്ങനെ ചെയ്തുപോയി. ഇനി ഈ മഹാപാപം തീരാൻ വല്ല വഴിയുമുണ്ടോ? അടിയനെന്തു ചെയ്താൽ ഈ മഹാപാപം തീരും? അതുകൂടി അവിടുന്നരുളിച്ചെയ്യണം."
തമ്പ്രാക്കൾ: ഈ മഹാപാപം തീരാൻ ഗംഗാസ്നാനമല്ലാതെ മറ്റൊരു മാർഗവുമില്ല.
ശങ്കരൻ : അതു ചെയ്താൽ തീരുമോ?
തമ്പ്രാക്കൾ: അതു സംശയിക്കാനുണ്ടോ? കാശിയിൽപ്പോയി ഗംഗാസ്നാനവും വിശ്വനാഥദർശനവും കഴിച്ചാൽ തീരാത്ത പാപമില്ല.
ശങ്കരൻ: എന്നാൽ അടിയൻ ഇപ്പോൾത്തന്നെ യാത്രയാണ്. ഇനി ഈ പാപം തീർത്തിട്ടല്ലാതെ മറ്റൊരു കാര്യമില്ല.
ഇപ്രകാരം പറഞ്ഞു തമ്പ്രാക്കളെ ഭക്തിപൂർവം വന്ദിച്ചുകൊണ്ടു ശങ്കരൻനായർ കാശിക്കു യാത്രയായി.
അങ്ങനെയിരിക്കുന്ന കാലത്ത് ഒരു ദിവസം കാശിവിശ്വനാഥനോട് അവിടുത്തെ വാമോത്സംഗേ വസിക്കുന്ന ദേവി ശ്രീപാർവതി "അല്ലയോ ഭഗവാനേ! ഗംഗാസ്നാനം ചെയ്യുന്നവരെല്ലാം പാപവിമുക്തരായി മോക്ഷത്തെ പ്രാപിക്കുമെന്നാണല്ലോ പറയുന്നത്. എന്നാലസംഖ്യമാളുകൾ ഇവിടെ വന്നു ഗംഗാസ്നാനം കഴിച്ചു പോകുന്നുണ്ട്. ഇവർക്കൊക്കെ മോക്ഷം ലഭിക്കുമോ?
ഭഗവാൻ: യൈഃ, ഒന്നുമില്ല. ഭക്തിയും വിശ്വാസവുമാണ് പ്രധാനം. അവയുണ്ടെങ്കിലല്ലാതെ മോക്ഷപ്രാപ്തി ഉണ്ടാവുകയില്ല. അവയുള്ളവർ ഇക്കാലത്തു ചുരുക്കമാണ്. അവയില്ലാതെ ഗംഗാസ്നാനം ചെയ്തതു കൊണ്ട് യാതൊരു ഫലവുമില്ല. ഇതു വേണമെങ്കിൽ നാളെ ഞാൻ ബോദ്ധ്യപ്പെടുത്തിത്തരാം.
ഈ സംഭാ‌ഷണം നടന്നതിന്റെ പിറ്റേദിവസം രാവിലെ നമ്മുടെ ശങ്കരൻനായർ കാശിയിലെത്തി. അപ്പോൾ അസംഖ്യമാളുകൾ അവിടെ സ്നാനാദികൾ ചെയ്യുന്നുണ്ടായിരുന്നു. ആ കൂട്ടത്തിൽ ശങ്കരനും സ്നാനമാരംഭിച്ചു. ആ സമയം ഭഗവാൻ വിശ്വനാഥൻ ഒരു വൃദ്ധബ്രാഹ്മണന്റെയും ശ്രീപാർവതി വൃദ്ധയായ ഒരു ബ്രാഹ്മണസ്ത്രീയുടെയും വേ‌ഷം ധരിച്ചു ഗംഗാതീരത്തിങ്കൽ വന്നെത്തി. ആ വൃദ്ധബ്രാഹ്മണൻ വിറച്ചുവിറച്ചു ചെന്നു നദിയിലേക്കിറങ്ങാനായി ഭാവിച്ച സമയം കാൽ തെറ്റി വെള്ളത്തിൽ വീണു. അവിടെക്കിടന്നു മുങ്ങുകയും പൊങ്ങുകയും വെള്ളം കുടിക്കുകയും ചെയ്തു മരിക്കാൻ ഭാവിച്ചു. അപ്പോൾ ബ്രാഹ്മണസ്ത്രീ "അയ്യോ! എന്റെ ഭർത്താവ് കുടിച്ചു ചാവാൻ ഭാവിക്കുന്നേ! അദ്ദേഹത്തിനു നീന്താനറിഞ്ഞു കൂടാ. ആരെങ്കിലും അദ്ദേഹത്തെ പിടിച്ചു കയറ്റി രക്ഷിക്കണേ!" എന്നു പറഞ്ഞുകൊണ്ടു വിളിച്ചു നിലവിളിച്ചു. അതു കേട്ടു സ്നാനം കഴിച്ചു കൊണ്ടു നിന്ന ജനങ്ങളെല്ലാം ഓടിയെത്തി. ആ കൂട്ടത്തിൽ നമ്മുടെ ശങ്കരനുമുണ്ടായിരുന്നു. എല്ലാവരുമടുത്തു ചെന്നപ്പോൾ ബ്രാഹ്മണസ്ത്രീ "പാപം തീരാത്തവരാരും എന്റെ ഭർത്താവിനെ തൊടരുതേ, പാപമുള്ളവർ തൊട്ടാലപ്പോൾ അദ്ദേഹം മരിച്ചുപോകും" എന്നു പറഞ്ഞു. ഇതു കേട്ട് "പാപം തീർന്നോ ഇല്ലയോ എന്നെങ്ങനെ നിശ്ചയിക്കാം. നാം നിമിത്തം ഒരു ബ്രാഹ്മണൻ മരിച്ചു എന്നു വരുന്നതു ക ഷ്ടമാണല്ലോ. അതുകോണ്ട് അതു വേണ്ടാ" എന്നു വിചാരിച്ചു എല്ലാവരും പിന്മാറി. അപ്പോൾ നമ്മുടെ ശങ്കരൻ "ഗംഗാസ്നാനം ചെയ്താൽ സകലപാപവും തീരുമെന്നാണല്ലോ എന്റെ തമ്പുരാൻ അരുളിച്ചെയ്തത്. എനിക്കിനി പാപമെവിടെയാണ്? എന്റെ സകല പാപങ്ങളും തീർന്നിരിക്കുന്നു" എന്നു പറഞ്ഞുകൊണ്ട് ആ ബ്രാഹ്മണനെ പിടിച്ചുകയറ്റി. ഭഗവാനും ഭഗവതിയും അവിടെനിന്നു പോയതിന്റെ ശേ‌ഷം "ഇന്ന് അവിടെ സ്നാനം കഴിച്ചിട്ടുള്ളവരിൽ എന്നെപ്പിടിച്ചു കയറ്റിയ ആ ഒരുവനു മാത്രം മോക്ഷമുണ്ട്. അവന്റെ വിശ്വാസം കണ്ടില്ലേ?" എന്നു ഭഗവാൻ അരുളിച്ചെയ്യുകയും ദേവി സമ്മതിക്കുകയും ചെയ്തു.
പൂർണ്ണവിശ്വാസത്തോടും ഭക്തിയോടുംകൂടി ഗംഗാസ്നാനം ചെയ്യുകയും വിശ്വനാഥനെ ദർശിക്കുകയും വിശേ‌ഷിച്ചും ലോകൈകനാഥനായിരിക്കുന്ന ഭഗവാന്റെ കരസ്പർശനത്തിന് ഭാഗ്യം സിദ്ധിക്കുകയും ചെയ്ത ശങ്കരനു മോക്ഷം കിട്ടുമോ എന്നുള്ളതു സംശയിക്കാനില്ലല്ലോ. അയാൽ‍ കാശിയിൽവച്ചുതന്നെ അചിരേണ ഭഗവൽസായൂജ്യത്തെ പ്രാപിച്ചു.
ശങ്കരൻ കാശിക്കു പോയതിന്റെ ശേ‌ഷം കുറച്ചുകാലം കഴിഞ്ഞ പ്പോൾ ആഴ്വാഞ്ചേരി മനയ്ക്കൽ സന്താനാദ്യൈശ്യര്യങ്ങൾ കുറഞ്ഞു തുടങ്ങുകയാൽ തമ്പ്രാക്കൾ അതിന്റെ കാരണമറിയുന്നതിനായി പാഴൂർ പടിപ്പുരയിൽ ആളയച്ചു പ്രശ്നം വെപ്പിച്ചുനോക്കിക്കുകയും പശുഹിംസ ചെയ്തതു ശങ്കരനാണെങ്കിലൂം തമ്പ്രാക്കൾകൂടി അന്വേ‌ഷിച്ചിരുന്നുവെങ്കിൽ അതിനിടയാവുകയില്ലായിരുന്നുവെന്നും അങ്ങനെ ചെയ്യാതിരുന്നതിനാൽ ആ മഹാപാപത്തിന്റെ ഒരംശം തമ്പ്രാക്കളുടെ കുടുംബത്തെക്കൂടി ബാധിച്ചിട്ടുണ്ടെന്നും അതു നിമിത്തമാണ് ആണ്ടുതോറും ഏഴരമുറി പറമ്പുകളിൽ നിറച്ചു പയർ വിതപ്പിക്കുകയും അതു പൂവും കായുമാകുന്ന സമയം വേലിയെടുത്തു കന്നുകാലികളെ കയറ്റി തീറ്റുകയും ചെയ്യണമെന്നും അങ്ങനെ ചെയ്തുകൊണ്ടാൽ ദോ‌ഷങ്ങൾ നീങ്ങി ശുഭം ഫലമെന്നു കണിയാർ വിധിക്കുകയും ചെയ്തു. ആ വിധിപ്രകാരം മൂന്നു കൊല്ലം ചെയ്തപ്പോഴേക്കും മനയ്ക്കൽ സന്താനവും സമ്പത്തും എന്നു വേണ്ട, സകലൈശ്വര്യങ്ങളും പൂർവ്വധികം വർദ്ധിക്കുകയാൽ ഈ പുണ്യ കർമം എന്നും നടത്തണമെന്നു നിശ്ചയിച്ചു തമ്പ്രാക്കൾ അതിനുവേണ്ടുന്ന ഏർപ്പാടുകളൊക്കെ ചെയ്തു. അത് അവിടെ ഇപ്പോഴും നടന്നുവരുന്നുണ്ടെന്നാണ് കേൾവി. എന്നു മാത്രമല്ല, പശുക്കളെ വളർത്തുന്നത് എങ്ങനെയായാലും ഒടുക്കം ദോ‌ഷകരമായേ പരിണമിക്കുകയുള്ളൂ എന്നും, "അതിനാൽ മേലാൽ നമ്മുടെ ഇല്ലത്ത്" ആ ഏർപ്പാടേ വേണ്ട എന്നും തമ്പ്രാക്കൾ തീർച്ചപ്പെടുത്തി. അക്കാലംമുതൽ ആഴുവാഞ്ചേരി മനയ്ക്കൽ പശുക്കളെ വളർത്തുക പതിവില്ല. ഇങ്ങനെ ഓരോ കാരണങ്ങളാൽ പകാരാദികളായ പത്തു കൂട്ടം ആ മനയ്ക്കലില്ലാതെയായിത്തീർന്നു. അതിനെപ്പറ്റി കേട്ടിട്ടുള്ള ഒരു ശ്ലോകം താഴെ എഴുതുന്നു.
"പായും, പരമ്പു, പശു, പാത്രി, പടറ്റിവാഴ,
പത്തായവും, പലക, പൈതൽ, പണം തഥൈവ
പായാദി പത്തിവ പടിപ്പുരയോടുകൂടി
ത്തമ്പ്രാക്കൾതൻ നിലയനേ നഹിയെന്നു കേൾപ്പൂ."

നാലേക്കാട്ടു പിള്ളമാർ

നാലേക്കാട്ടു കുടുംബക്കാർ ഒന്നാംതരം ശൈവപ്പിള്ളമാരാണ്. ഇവരുടെ പൂർവകുടുംബം പാണ്ടിയിൽ "നാങ്കുനേരി"ക്കു സമീപം "വിജയനാരായണപുരം" എന്ന സ്ഥലത്തായിരുന്നു. എന്നാലിപ്പോൾ അത് തിരുവിതാംകൂറിൽ തിരുവല്ലായ്ക്കു സമീപം "കുട്ടമ്പേരൂർ" എന്ന ദേശത്താണ്. ആ കുടുംബക്കാർ പലതുകൊണ്ടും യോഗ്യന്മാരായിരുന്നു. ഇപ്പോഴും അങ്ങനെതന്നെ. അവർ സത്യവാന്മാരും പഠിപ്പും കാര്യശേ‌ഷിയുമുള്ളവരും കണക്കുവി‌ഷയത്തിൽ അതിസമർഥന്മാരുമായിരുന്നു. ആ കുടുംബം വളരെ നാളായിട്ടു തിരുവിതാംകൂർ മഹാരാജാക്കന്മാരുടെ പ്രത്യേക കരുണയ്ക്കു പാത്രീഭവിച്ചുകൊണ്ടാണ് വർത്തിക്കുന്നത്. ഇപ്രകാരം ശ്രഷ്ഠവും പ്രസിദ്ധവുമായ ആ കുടുംബത്തിൽ മുൻപുണ്ടായിരുന്ന മൂന്നു മഹാന്മാരെപ്പറ്റിയാണ് ഇവിടെ പറയാൻ ഭാവിക്കുന്നത്.
1. യോഗീശ്വരൻ
യോഗീശ്വരന്റെ ജനനം കൊല്ലം 719-ആമാണ്ടു വിജയനാരായണപുരം എന്ന സ്ഥലത്തുതന്നെയായിരുന്നു. അദ്ദേഹം സാമാന്യവിദ്യാഭ്യാസാനന്തരം യോഗശാസ്ത്രം പരീക്ഷിച്ചും ക്രമേണ ഒരു മഹായോഗിയായിത്തീർന്നു. അതിനിടയ്ക്ക് അദ്ദേഹം രണ്ടു വിവാഹം ചെയ്യുകയും ചില സന്താനങ്ങളുണ്ടാവുകയും ചെയ്തു.
ആ യോഗി ഒരിക്കൽ തിരുവനന്തപുരത്തു വരികയും മഹാരാജാവിനെ മുഖം കാണിക്കുകയും അവിടുന്നു യോഗിയെ യഥായോഗ്യം സൽക്കരിക്കുകയും പ്രത്യേകം സ്ഥലം കല്പിച്ചു കൊടുത്തു താമസിപ്പിക്കുകയും ചെയ്തു. മുഖംകാണിച്ച സമയം പ്രസംഗവശാൽ "യോഗിക്കു ഭക്ഷണമെന്താണ് പതിവ്" എന്നുകൂടി കല്പിച്ചു ചോദിച്ചു. "പാലും പഴവും മാത്രമേ പതിവുള്ളൂ" എന്നു യോഗി തിരുമനസ്സറിയിക്കുകയും യോഗി താമസിക്കുന്ന സ്ഥലത്ത് ആവശ്യമുള്ള പാലും പഴവും കൊണ്ടുചെന്നു കൊടുക്കുന്നതിനു കല്പിച്ചു ചട്ടം കെട്ടുകയും ചെയ്തു. കല്പനപ്രകാരം ഒരാൾ മൂന്നിടങ്ങഴി പാലും മുപ്പതു പഴവും യോഗി താമസിച്ചിരുന്ന സ്ഥലത്തു കൊണ്ടുചെന്നു കൊടുത്തു. ഒരാൾക്ക് ഇത്രയും പാലും പഴവും വേണ്ടിവരികയില്ലെന്നും എങ്കിലും ധാരാളം കൊടുക്കണമെന്നുമാണല്ലോ കല്പന,അതുകൊണ്ട് ഇത്രയും ഇരിക്കട്ടെ എന്നു വിചാരിച്ചിട്ടാണ് ആ മനു‌ഷ്യൻ ഇത്രയും പാലും പഴവും കൊണ്ടുചെന്നത്. അതുകണ്ട് യോഗി "എത്ര പാലുണ്ട്?" എന്നു ചോദിച്ചു . അതു കൊണ്ടുചെന്ന ആൾ "മൂന്നിടങ്ങഴിയുണ്ട്" എന്നു പറഞ്ഞു. അതു കേട്ട് യോഗി "മൂന്നിടങ്ങഴി പാൽ എന്റെ ആസനത്തിലൊഴിക്കാൻ തികയുകയില്ലല്ലോ" എന്നു പുച്ഛരസത്തോടൂകൂടി പറഞ്ഞു. മറ്റേയാൾ അതിനുത്തരമായി ഒന്നും മിണ്ടാതെ പോവുകയും ചെയ്തു.
മേല്പറഞ്ഞ പ്രകാരം യോഗി പറഞ്ഞ വിവരം എങ്ങനെയോ മഹാരാജാവു കല്പിച്ചറിഞ്ഞു. പിറ്റേദിവസവും യോഗി കൊട്ടാരത്തിൽ ചെല്ലണമെന്നു കല്പിച്ചിരുന്നതിനാൽ യോഗി ചെല്ലുന്നതിനു മുമ്പായി മുപ്പതു പറ പാലും മൂവായിരം പഴവും കല്പിച്ചു കൊട്ടാരത്തിൽ വരുത്തി വച്ചു. യോഗി ചെന്നു മുഖം കാണിച്ചപ്പോൾ "ആസനത്തിൽകൂടി പാൽ കുടിക്കാറുണ്ടോ?" എന്നു കല്പിച്ചു ചോദിച്ചു. യോഗി അതിനു മറുപടിയായി "ആവശ്യപ്പെട്ടാൽ അതുമാവാം" എന്നു കല്പിക്കുകയും ഒരു വലിയ വാർപ്പിനകത്തു മുപ്പതു പറ പാലും അതിനടുക്കൽ മൂവായിരം പഴവും അവിടെ ഹാജരാക്കിച്ചു കൊടുക്കുകയും ചെയ്തു. ഉടനെ യോഗി ആ വാർപ്പിലിറങ്ങിയിരുന്നു കൈ നീട്ടി. യോഗിയുടെ കൂടെയുണ്ടായിരുന്ന ശി‌ഷ്യന്മാർ പഴം തൊലി കളഞ്ഞു കയ്യിൽ കൊടുത്തുകൊണ്ടിരുന്നു. യോഗി അതുവാങ്ങി ഭക്ഷിച്ചുതുടങ്ങുകയും ചെയ്തു. കുറച്ചുസമയം കഴിഞ്ഞപ്പോൾ ആ പഴം മുഴുവനും തിന്നുതീർന്നു. അപ്പോഴേക്കും പാലും മുഴുവൻ യോഗിയുടെ അകത്തായി. അതുകണ്ട് മഹാരാജാവ് ഏറ്റവും വിസ്മയത്തോടുകൂടി "ഇദ്ദേഹം കേവലം ഒരു യോഗിയല്ല; ഒരു യോഗീശ്വരൻ തന്നെയാണ്" എന്നു കല്പിച്ചു. അന്നുമുതൽ അദ്ദേഹത്തെ എല്ലാവരും യോഗീശ്വരൻ എന്നു പറഞ്ഞു തുടങ്ങുകയും ചെയ്തു.
യോഗീശ്വരൻ തിരുവനന്തപുരത്തു താമസിച്ചിരുന്ന കാലത്തു പ്രതിദിനം രാവിലെ കരമനയാറ്റിൽപ്പോയി കുളിക്കുകയും കുടൽ പുറത്തിറക്കി കഴുകി ശുദ്ധീകരിക്കുകയും മെതിയടിയിട്ടുകൊണ്ടു വെള്ളത്തിന്റെ മീതെ നടക്കുകയും മറ്റും ചെയ്തിരുന്നതായി കേൾവിയുണ്ട്. എല്ലാം കൊണ്ടും അദ്ദേഹം ദിവ്യനായ ഒരു യോഗീശ്വരനായിരുന്നുവെന്നുള്ളതിനു സംശയമില്ല.
യോഗീശ്വരൻ ശുചീന്ദ്രത്തും മരുത്വാൻ മലയിലുമായി വളരെക്കാലം താമസിച്ചിട്ടുണ്ട്. അങ്ങനെ പല സ്ഥലങ്ങളിൽ സഞ്ചരിച്ചും പലതും കണ്ടും കേട്ടും അനുഭവിച്ചും മനസ്സിനു നല്ല തൃപ്തി വരികയാൽ ഒടുക്കം അദ്ദേഹം കേവലം വിരക്തനായിത്തീർന്നു. യോഗീശ്വരനായിരുന്ന അദ്ദേഹത്തിനു രോഗപീഡയോ വർ‌ഷതാപാദികളിൽ ദുസ്സഹത്വമോ ഉണ്ടായിരുന്നില്ലെന്നുള്ളതു പറയണമെന്നില്ലല്ലോ. എങ്കിലും ഭൂലോകവാസത്തിൽ തൃപ്തി വരികയാൽ ഒടുക്കം ദേഹത്തെ ഉപേക്ഷിച്ചുകളയാമെന്നു നിശ്ചയിച്ചു. ഇപ്രകാരമുള്ള യോഗീശ്വരന്മാർക്കു മരണം സ്വായത്തമാണല്ലോ. അവർക്ക് എത്രകാലം വേണമെങ്കിലും ജീവിച്ചിരിക്കുന്നതിനും യാതൊരു പ്രയാസവുമില്ല.
കേരളഭൂമി പരശുരാമനാൽ ബ്രാഹ്മണർക്കായിക്കൊണ്ടു ദാനം ചെയ്യപ്പെട്ടിട്ടുള്ളതാകയാൽ അവിടെവെച്ചുള്ള ദേഹവിയോഗം വിഹിതമല്ലെന്നു നിശ്ചയിച്ച് അദ്ദേഹം പാണ്ടിയിൽ "കരിങ്കുളം" എന്ന സ്ഥലത്തേക്ക് പോയി. അവിടെവെച്ച് അദ്ദേഹം 936-ആമാണ്ടു തുലാമാസത്തിൽ 217-ആമത്തെ വയസ്സിൽ ഒരു ദിവസം പതിവുപോലെ ശിവപൂജ കഴിക്കുകയും അതിന്റെ അവസാനത്തിൽ സമാധിയിലിരുന്നുകൊണ്ട് ആത്മാവിനെ പരമാത്മാവിങ്കൽ ലയിപ്പിക്കുകയും ചെയ്തു.
യോഗീശ്വരൻ കരിങ്കുളത്തു സമാധിയിലിരുന്ന സ്ഥലത്ത് അദ്ദേഹത്തിന്റെ വംശജർ ഒരമ്പലം പണിയിച്ച് അദ്ദേഹത്തിന്റെ ഒരു വിഗ്രഹം പ്രതിഷ്ഠിക്കുകയും അവിടെ വിളക്കുവെപ്പ്, പൂജ മുതലായവ നടത്തുന്നതിനു വേണ്ടുന്ന ഏർപ്പാടുകൾ ചെയ്യുകയും ചെയ്തു. നാലേക്കാട്ടു കുടുംബക്കാർ ഇപ്പോഴും ചില സമയങ്ങളിൽ അവിടെപ്പോവുകയും പൂജാദികൾ നടത്തി വന്ദിച്ചുപോരുകയും ചെയ്തുവരുന്നുണ്ട്.
2. യോഗീശ്വരൻ രാമൻപിള്ള
സാക്ഷാൽ യോഗീശ്വരന്റെ പ്രഥമഭാര്യയിൽ അദ്ദേഹത്തിനുണ്ടായ പ്രഥമപുത്രനെ "യോഗീശ്വരൻ രാമൻപിള്ള" എന്നാണ് സാധാരണയായി പറഞ്ഞു വന്നിരുന്നത്. ചിലർ അദ്ദേഹത്തിനെ "വരരാമയോഗി" എന്നും പറഞ്ഞുവന്നിരുന്നു. അദ്ദേഹത്തിന്റെ ജന്മസ്ഥലവും വിജയനാരായണ പുരംതന്നെയായിരുന്നു. അദ്ദേഹം ജനിച്ചതു കൊല്ലം 900)മാണ്ടായിരുന്നു.
യോഗീശ്വരൻ രാമൻപിള്ള ഒരു തമിഴ് പണ്ഡിതനും തമിഴു കവിയുമായിരുന്നു. അദ്ദേഹം തമിഴിൽ അനേകം കൃതികളുണ്ടാക്കീട്ടുണ്ട്. അവയെല്ലാം എഴുതീട്ടുള്ള താളിയോലഗ്രന്ഥങ്ങൾ നാലേക്കാട്ടുഗൃഹത്തിൽ ഇപ്പോഴുമിരിക്കുന്നുണ്ട്.
യോഗീശ്വരൻ രാമൻപിള്ള അദ്ദേഹത്തിന്റെ അച്ഛനോടുകൂടി ചെറുപ്പത്തിൽത്തന്നെ കേരളത്തിൽ വന്നുചേർന്നു. ചില സർക്കാരുദ്യോഗസ്ഥന്മാരുടെ പരിചയവും മഹാരാജാവു തിരുമനസ്സിലെ കാരുണ്യവും സിദ്ധിക്കാനിടയായതുകൊണ്ട് അദ്ദേഹത്തിനു ചെറുപ്പത്തിൽത്തന്നെ സർക്കാർ ജീവനം ലഭിക്കുന്നതിനും സംഗതിയായി. അദ്ദേഹത്തിനു ആദ്യം ലഭിച്ചതു മാവേലിക്കര, തിരുവല്ലാ മുതലായ സ്ഥലങ്ങളിൽ ദേവസ്വം കണക്കെഴുത്താണ്. അതിൽനിന്നു കയറ്റം കിട്ടിക്കിട്ടി ഒടുക്കം അദ്ദേഹത്തിനു വലിയ മേലെഴുത്തുദ്യോഗം ലഭിച്ചു.
യോഗീശ്വരൻ രാമൻപിള്ള വലിയ മേലെഴുത്തുപിള്ളയായിരുന്ന കാലത്തു കുട്ടമ്പേരൂർ നാലേക്കാട്ടു നായർ അന്യം നിൽക്കുകയും ആ നായരുടെ സകലസ്വത്തുക്കളും ഇദ്ദേഹത്തിനു ഇനാമായി കല്പിച്ചു കൊടുക്കുകയും ചെയ്തു. പിന്നെ യോഗീശ്വരൻ രാമൻപിള്ള ആ നായരുടെ വീടിരുന്ന സ്ഥലത്ത് പുതുതായി ഒരു ഭവനം പണിയിക്കുകയും സ്വദേശമായ വിജയനാരായണപുരത്തുനിന്ന് "ഉമയാൾ പാർവതി" എന്നൊരു സ്വജാതിസ്ത്രീയെ വിവാഹം ചെയ്ത് അവിടെ കൊണ്ടുവരികയും ചെയ്തു. ഇപ്രകാരമാണ് അവർക്ക് മലയാളത്തിൽ ഒരു കുടുംബമുണ്ടാവുകയും അവർ നാലേക്കാട്ടുപിള്ളമാരായിത്തീരുകയും ചെയ്തത്.
വിവാഹം ചെയ്തതിന്റെ ശേ‌ഷം വളരെക്കാലത്തേക്കു യോഗീശ്വരൻ രാമൻപിള്ളയ്ക്കു സന്താനങ്ങളുണ്ടാകാതെയിരുന്നു. ഭാര്യയ്ക്കു കൂടെക്കൂടെ ഗർഭമുണ്ടാവുകയും അതു നാലുമഞ്ചും മാസമാകുമ്പോൾ അലസിപ്പോവുകയുമാണ് ചെയ്തിരുന്നത്. അതിന്നായി ചില ചികിത്സകൾ ചെയ്തിട്ടും ഒരു ഫലവും കാണായ്കയാൽ അതിന്റെ കാരണമറിയുന്നതിനായി യോഗീശ്വരൻ രാമൻപിള്ള പാഴൂർ പടിപ്പുരയിൽ പോയി പ്രശ്നം വെപ്പിച്ചുനോക്കിക്കുകയും ആ സ്ത്രീയുടെ ദേഹത്തിൽ ഒരു ഗന്ധർവൻ ബാധിച്ചിട്ടുണ്ടെന്നും ആ ഗന്ധർവന്റെ ഉപദ്രവം നിമിത്തമാണ് ഗർഭമലസിപ്പോകുന്നതെന്നും, ആ ഗന്ധർവനെ ഒഴിച്ചാലല്ലാതെ സന്താനമുണ്ടാവുകയില്ലെന്നും പ്രശ്നവിധിയുണ്ടാവുകയും ചെയ്തു. അതിനാൽ അദ്ദേഹം ചില മന്ത്രവാദികളെ വരുത്തി മന്ത്രവാദങ്ങൾ ചെയ്യിച്ചു. ആരു വിചാരിച്ചിട്ടും ആ ഗന്ധർവനെ ഒഴിക്കാൻ കഴിഞ്ഞില്ല. അക്കാലത്തു ചെങ്ങന്നൂർ "തേവലശ്ശേരിത്താൻ" എന്നൊരു വലിയ മന്ത്രവാദിയുണ്ടായിരുന്നു. ഒടുക്കം യോഗീശ്വരൻ രാമൻപിള്ള ആ മന്ത്രവാദി വരുന്നതിനാളയച്ചു. "രണ്ടുദിവസം കഴിഞ്ഞ് വരാ"മെന്നു തേവലശ്ശേരിത്താൻ മറുപടി പറഞ്ഞയയ്ക്കുകയും ചെയ്തു.
പറഞ്ഞിരുന്ന ദിവസം വെളുപ്പാൻകാലത്തു തേവലശ്ശേരിത്താൻ ചെങ്ങന്നൂരു നിന്നു പുറപ്പെട്ടു. കുട്ടമ്പേരൂർ സമീപമായപ്പോൾ നേരം വെളുത്തു. അന്നുരാവിലെ കുളിയും ചില ജപങ്ങളുമൊക്കെ പതിവുണ്ടായിരുന്നതിനാൽ വഴിക്കു കണ്ടതായ ഒരമ്പലക്കുളത്തിലിറങ്ങി അദ്ദേഹം കുളിക്കുകയും അപ്പോഴേക്കും കുറേശ്ശെ ഇളവെയിലും വന്നുതുടങ്ങുകയാൽ രണ്ടാംമുണ്ടു കൌപീനമായി ഉടുത്തുകൊണ്ടു കൌപീനവും ഒന്നാം മുണ്ടും നനച്ചു പിഴിഞ്ഞു കുളപ്പുരയുടെ മുകളിൽ വിരിച്ചിട്ട് അദ്ദേഹം കുളപ്പുരയിലിരുന്ന് ജപം തുടങ്ങുകയും ചെയ്തു. ആ സ്ഥലത്ത് ഒരു വലിയ കാവുംകൂട്ടവും അവിടെ അസംഖ്യം കുരങ്ങന്മാരുമു ണ്ടായിരുന്നു. മന്ത്രവാദി കണ്ണുമടച്ചു മൂക്കും പിടിച്ചു ജപിച്ചുകൊണ്ടിരുന്ന സമയം ഒരു വാനരനിറങ്ങി വന്ന് അദ്ദേഹത്തിന്റെ കൌപീനമെടുത്തു കൊണ്ടുപോയി. ജപം കഴിഞ്ഞു യാത്രയായി നോക്കിയപ്പോൾ കൌപീനം ഇട്ടിരുന്ന സ്ഥലത്തു കണ്ടില്ല. അതൊരു വാനരനെടുത്തുകൊണ്ടു ഒരു വലിയ മരത്തിന്റെ അഗ്രഭാഗത്തു ചെന്നിരിക്കുന്നതായി കണ്ടു. "എടാ! ദ്രോഹികളെ, നിങ്ങളെന്നെപ്പറ്റിച്ചുവോ? എന്നാൽ ഞാൻ നിങ്ങളെയും ഒന്നു പറ്റിക്കാതെ വിടുകയില്ല" എന്നു പറഞ്ഞിട്ട് താൻ ഒരു മന്ത്രം ജപിച്ച് ആ വാനരത്താന്മാരെയെല്ലം മനസ്സുകൊണ്ട് ആകർ‌ഷിച്ചുകൊണ്ട് മുണ്ടുമെടുത്തു യാത്രയായി. ആകർ‌ഷണശക്തികൊണ്ടു വാനരത്താന്മാരെല്ലാം തന്റെ പിന്നാലെ കൂടി. അതിൽ ഒരു വാനരത്താന്റെ കയ്യിൽ ആ കൌപീനവുമുണ്ടായിരുന്നു. അങ്ങനെ അദ്ദേഹം നാലേക്കാട്ടിലെത്തി. അദ്ദേഹത്തെ കണ്ടയുടനെ യോഗീശ്വരൻ രാമൻപിള്ള ആസനസൽക്കാരം ചെയ്തിരുത്തി കുശലപ്രശ്നം ചെയ്തു. അപ്പോഴേക്ക്കും വാനരത്താന്മാരെക്കൊണ്ടു നാലേക്കാട്ടുമുറ്റം നിറഞ്ഞു. അതു കണ്ടിട്ട് യോഗീശ്വരൻ രാമൻപിള്ള "ഇതെന്തൊരു വിദ്യയാണ്? ഈ കുരങ്ങന്മാരെയൊക്കെകൂടെക്കൊണ്ടു വന്നിരിക്കുന്നതെന്തിനാണ്?" എന്നു ചോദിച്ചു. അതിനു മറുപടിയായി താൻ "ഈ കള്ളന്മാർ നമ്മുടെ കൌപീനം മോഷ്ടിച്ചു. അതിനാൽ അവരെ ഞാൻ ബന്ധിച്ചു കൊണ്ടുപോരികയാണു ചെയ്തത്. എന്നെ ബുദ്ധിമുട്ടിക്കാൻ നോക്കിയതിന് അവരും കുറച്ചു ബുദ്ധിമുട്ടട്ടെ" എന്നു പറഞ്ഞു. അപ്പോൾ വലിയ മേലെഴുത്തുപിള്ള "ഐഃ സാധുക്കൾ; അവരെ വിട്ടയച്ചേക്കണം" എന്നു പറഞ്ഞു. ഉടനെ താൻ ഒരു മന്ത്രം ജപിച്ചു മനസ്സുകൊണ്ട് ഉച്ചാടനം ചെയ്തിട്ട്, "ആ കൌപീനം അവിടെ ഇട്ടീട്ടു പോകുവിൻ" എന്നു പറഞ്ഞു. അപ്രകാരം ആ കുരങ്ങന്മാരെല്ലാം പോവുകയും ചെയ്തു.
ഇതു കണ്ട് യോഗീശ്വരൻ രാമൻപിള്ള വളരെ വിസ്മയിക്കുകയും തേവലശ്ശേരിത്താൻ ഒട്ടും ചില്ലറക്കാരനല്ലെന്നു തീർച്ചപ്പെടുത്തുകയും ചെയ്തുവെങ്കിലും ഒന്നുകൂടി പരീക്ഷിക്കണമെന്നു നിശ്ചയിച്ചുകൊണ്ട്, "നിങ്ങൾ, ഇവിടെ വരുന്നതിനു ഞാൻ ആവശ്യപ്പെട്ടതിന്റെ കാരണം മനസ്സിലായിക്കാണുമല്ലോ. ഞാനനേകം മന്ത്രവാദികളെയും വൈദ്യന്മാരെയും ഇവിടെ വരുത്തുകയും അവർ പഠിച്ചതെല്ലാം പ്രയോഗിച്ചുനോക്കുകയും ചെയ്തു. അതുകൊണ്ട് എനിക്കു ഒട്ടുവളരെ പണം ചെലവായതല്ലാതെ മറ്റൊരു ഫലവുമുണ്ടായില്ല. ഇനി നിങ്ങളെക്കൊണ്ടുകൂടി കഴിയുന്നതൊക്കെ ചെയ്യിച്ചുനോക്കുകയും അതുകൊണ്ടും ഫലം ഉണ്ടാകാത്തപക്ഷം ഈ ശ്രമവും ആഗ്രഹവും വേണ്ടെന്നു വയ്ക്കുകയും ചെയ്യണമെന്നാണ് ഞാൻ വിചാരിക്കുന്നത്. എനിക്ക് വയസ്സ് ഏകദേശം അറുപതോളമായിരിക്കുന്നു. ഇനിയും സന്തതി ഉണ്ടാകാത്തപക്ഷം പിന്നെ അതിനെക്കുറിച്ച് ആഗ്രഹിക്കണമെന്നില്ലല്ലോ. ഈ പുരാതനവംശം എന്റെ കാലത്തു നശിച്ചു എന്നു വരാതെയിരിക്കാനായി ഒരു പുത്രസന്താനമെങ്കിലുമുണ്ടായാൽക്കൊള്ളാമെന്നേ എനിക്കാഗ്രഹമുള്ളൂ. മരിച്ചാൽ ശേ‌ഷക്രിയ (ഇത്രയും പറഞ്ഞപ്പോഴേക്കും യോഗീശ്വരൻ രാമൻപിള്ളയുടെ കണ്ണു രണ്ടും നിറഞ്ഞ് അശ്രുക്കൾ ധാരയായി ഒഴുകിത്തുടങ്ങി. അദ്ദേഹത്തിനു വാക്കുകൾ പുറപ്പെടാതെയുമായി. ഗംഭീരമാനസനും ധൈര്യശാലിയുമായിരുന്ന അദ്ദേഹത്തിന്റെ പാരവശ്യം കണ്ട് അവിടെ കൂടിയിരുന്നവരെല്ലാം കരഞ്ഞുപോയി. മന്ത്രവാദിയുടെ കണ്ണിലും വെള്ളം നിറഞ്ഞു. അദ്ദേഹം ഒരു വിധം മനസ്സിനെ സമാധാനപ്പെടുത്തി ഉറപ്പിച്ചുകൊണ്ട് പിന്നെയും പറഞ്ഞു തുടങ്ങി) ചെയ്‌വാൻ ആരുമില്ലാതെയിരിക്കുന്നതു കഷ്ടമാണല്ലോ. "അപുത്രസ്യ കുതോ മുക്തി?" എന്നാണല്ലോ മഹദ്വചനം. അതിനാൽ എന്റെ ആഗ്രഹസിദ്ധിക്കായി നിങ്ങൾ വേണ്ടുന്നതിനെ മനസ്സിരുത്തി ചെയ്യണം. ഈ ഗന്ധർവൻ ഒഴിഞ്ഞുപോയാൽ സന്താനമുണ്ടാകുമെന്നാണ് പ്രശ്നവശാൽ കണ്ടിരിക്കുന്നത്. അതിനാൽ അതിനായിട്ടാണ് നിങ്ങൾ പ്രധാനമായി നോക്കേണ്ടത്. എനിക്ക് എന്റെ അനുഭവംകൊണ്ട് മന്ത്രവാദികളെക്കുറിച്ച് ആകപ്പാടെ വിശ്വാസം വളരെ കുറവായിരിക്കുന്നു. എന്നാൽ നിങ്ങളെക്കുറിച്ച് അങ്ങനെ തോന്നുന്നില്ല. നിങ്ങൾ വിചാരിച്ചാൽ ഈ ഗന്ധർവനെ ഒഴിച്ചുവിടാൻ കഴിയുമെന്നുതന്നെയാണ് എന്റെ വിശ്വാസം. എങ്കിലും എന്റെ മനസ്സിനു കുറച്ചുകൂടി ഉറപ്പുവരാനായി നിങ്ങൾ ആദ്യമേ ഒരു കാര്യം ചെയ്യണം. എന്തെന്നാൽ (ചൂണ്ടിക്കാണിച്ചുകൊണ്ട്) ഇതാ ഈ തൊഴുത്തിന്റെ (കന്നുകാലിക്കൂടിന്റെ) പുറത്തു പടർന്നു കിടക്കുന്ന മത്തവള്ളി ആകർ‌ഷിച്ചു താഴെയിറക്കുകയും ഉച്ചാടനം ചെയ്തു പൂർവസ്ഥിതിയിലാക്കുകയും ചെയ്യണം. പിന്നെ നമ്മുടെ പ്രകൃതകാര്യത്തിനു വട്ടംകൂട്ടേണ്ടതെന്തെല്ലാമെന്നു പറഞ്ഞാൽ എല്ലാം ഞാൻ തയ്യാറാക്കിച്ചു തരുകയും ചെയ്യാം" എന്നു പറഞ്ഞു. അതു കേട്ടു തേവലശ്ശേരിത്താൻ "ഗുരുകടാക്ഷവും പരദേവതമാരുടെ കാരുണ്യവും കൊണ്ട് ഈ ഗന്ധർവന്റെ ഉപദ്രവം ഒഴിക്കാമെന്നുതന്നെയാണ് എന്റെ വിശ്വാസം. നിങ്ങളുടെ കുടുംബം അത്ര സുകൃതം ക്ഷയിച്ചതല്ലെന്നാണ് കേൾവികൊണ്ട് ഞാൻ അറിഞ്ഞിട്ടുള്ളത്. അതുകൊണ്ടും അവിടുത്തെ ഭാഗ്യംകൊണ്ടും അവിടേക്കു സന്തതിയുണ്ടാകുമെന്നുതന്നെ ഞാൻ വിശ്വസിക്കുന്നു. എന്റെ പേരിൽ അവിടേക്കു വിശ്വാസം ഉണ്ടാകുന്നതിനായി അവിടുന്നു ആവശ്യപ്പെട്ട പ്രകാരം ഇപ്പോൾത്തന്നെ കാണിച്ചു ബോധ്യപ്പെടുത്താം. പിന്നെ ഗന്ധർവനെ ഒഴിവാക്കുന്നതിനു വിശേ‌ഷി ച്ചൊന്നും വട്ടം കൂട്ടേണ്ടതായിട്ടില്ല. അസ്തമിച്ച് ഏഴര നാഴിക രാത്രിയാകുന്നതുവരെ ക്ഷമിക്കുക മാത്രം ചെയ്താൽ മതി. പിന്നെ വേണ്ടതൊക്കെ അപ്പോൾ ഞാൻപറയാം" എന്നു പറയുകയും തൊഴുത്തിന്റെ മുകളിൽ നിറച്ചു കായും പൂവുമായി പടർന്നുകിടന്നിരുന്ന മത്തവള്ളിയെ ഒരു മന്ത്രം ജപിച്ചു മനസ്സുകോണ്ട് ആകർ‌ഷിച്ചു താഴെയിറക്കുകയും ചെയ്തു. അതുകണ്ട്, അത്ഭുതപരവശനായ യോഗീശ്വരൻ രാമൻപിള്ള "ഇപ്രകാരം ചെയ്യണമെന്നു ഞാൻപറഞ്ഞത് അവിടുത്തെ പേരിൽ എനിക്ക് അവിശ്വാസമുണ്ടായിട്ടല്ല. ഈ അത്ഭുതകർമം കാണാനുള്ള ആഗ്രഹംകൊണ്ടും ഈവക വിദ്യകൾ കാണിക്കുന്നതിനു ശക്തന്മാരായ മാന്ത്രികന്മാർ ഇപ്പോഴും ചുരുക്കമാകയാലും പറഞ്ഞുപോയി എന്നേയുള്ളൂ" എന്നു പറഞ്ഞു. താൻ മറ്റൊരു മന്ത്രം ജപിച്ചു മനസ്സുകൊണ്ടുതന്നെ ഉച്ചാടനം ചെയ്ത് പൂർവസ്ഥിതിയിലാക്കുകയും ചെയ്തു. ആ മത്തവള്ളിയെല്ലാം തലപൊക്കി, ഇഴഞ്ഞുകയറി, യഥാപൂർവം തൊഴുത്തിന്റെ മുകളിൽ പടർന്നുകിടപ്പായതു കണ്ടപ്പോൾ യോഗീശ്വരൻ രാമൻപിള്ളയുടെ മനസ്സിൽ വിസ്മയം ശതഗുണീഭവിച്ചുവെന്നുള്ളതു പറയണമെന്നില്ലല്ലോ.
അന്ന് അസ്തമിച്ച് ഏഴര നാഴിക കഴിഞ്ഞപ്പോൾ തേവലശ്ശേരിത്താൻ മന്ത്രവാദമാരംഭിച്ചു. അദ്ദേഹം ഭസ്മംകൊണ്ട് ‌ഷൾക്കോണമായി ഒരു ചക്രം വരച്ച്, അതിൽ ഉമയാൾ പാർവതിയമ്മയെ ഇരുത്തി ഭസ്മം ജപിച്ച് അവരുടെ ദേഹത്തിലിട്ടുകൊണ്ടിരുന്നു. അപ്പോൾ താൻ, "ഈ ദേഹത്തിന്മേൽ ആരാണ് വന്നിരിക്കുന്നത്? എന്തിനായിട്ടാണ് ഇവിടെ വന്നുകൂടിയിരിക്കുന്നത്? കൂടാൻ കാരണമെന്താണ്? എന്നുള്ളതെല്ലാം പറയണം" എന്നു പറഞ്ഞു. ഉടനെ സ്ത്രീ ഗന്ധർവന്റെ നിലയിൽ താഴെ വരുന്ന പ്രകാരം പറഞ്ഞുതുടങ്ങി: ഞാനാരാണെന്നുള്ളത് പ്രശ്നവശാൽ നിങ്ങളറിഞ്ഞിട്ടുണ്ടല്ലോ. ഞാനീ സ്ത്രീയുടെ സൌന്ദര്യം കണ്ടു ബാധിച്ചിട്ടുള്ളതാണ്. ഈ സ്ത്രീയെ ഉപദ്രവിക്കണമെന്നുള്ള വിചാരം എനിക്കു ലവലേശംപോലുമില്ല. ഞാൻ യാതൊരുപദ്രവവും ചെയ്യുന്നുമില്ല. എന്നാൽ ഈ സ്ത്രീ ഭർതൃസഹവാസം ചെയ്യുന്നത് എനിക്ക് ഒട്ടും സന്തോ‌ഷകരമല്ലെന്നല്ല, മഹാവിരോധവുമാണ്. അതിനാൽ ഈ പുരു‌ഷനിൽനിന്നു സന്താനമുണ്ടാകുന്നതിനു ഞാൻ സമ്മതിക്കുകയുമില്ല. വേറെ യാതൊരുപദ്രവവും ഞാൻചെയ്യുന്നില്ല. ചെയ്കയുമില്ല. ഈ സ്ത്രീയുടെ ദേഹത്തിൽനിന്ന് ഒഴിഞ്ഞുപോകുന്ന കാര്യം എനിക്കു വളരെ സങ്കടമായിട്ടുള്ളതാണ്. അതിനാൽ ആ ഒരു കാര്യം മാത്രം എന്നോടു നിർബന്ധിക്കരുത്"
താൻ: ഇല്ല, അങ്ങനെ നിർബന്ധമില്ല. ഈ ദേഹത്തിനുപദ്രവമൊന്നു മുണ്ടാക്കരുത്. ഇവിടെ സന്തതിയുണ്ടാവുകയും വേണം. അത്രമാത്രമേ ആഗ്രഹമുള്ളൂ.
സ്ത്രീ: ഞാനീ ദേഹത്തിലുള്ള കാലം സന്തതിയുണ്ടാവുക അസാദ്ധ്യംതന്നെയാണ്.
താൻ: എന്നാൽ ഒഴിഞ്ഞുപോവുകതന്നെ വേണം.
സ്ത്രീ: അതു സങ്കടമാണ്.
താൻ: പോകാതിരിക്കുന്നതു ഞങ്ങൾക്കും സങ്കടമാണ്.
സ്ത്രീ: എന്തുചെയ്യാം! അതു നിങ്ങൾ അനുഭവിക്കുകതന്നെ വേണം. എന്തായാലും ഞാനൊഴിഞ്ഞുപോവുകയില്ല.
താൻ: പോയില്ലെങ്കിൽ ഞാൺ‍ അയയ്ക്കും. അതുകൂടാതെ ഒഴിഞ്ഞുപൊയ്ക്കൊള്ളുന്നതാണു നല്ലത്.
സ്ത്രീ: എന്നെ ഒഴിച്ചുവിടാമെന്നോ? അതസാദ്ധ്യമാണ്. അങ്ങുതന്നെ ഒഴിഞ്ഞുപൊയ്ക്കൊൾകയാണ് നല്ലത്. എന്നാൽ ഉള്ള മാനം കളയാതെയിരിക്കാം. ഇതുവരെ എന്നെ ഒഴിവാക്കാൻ വന്നവരെപ്പോലെയല്ല അങ്ങെന്നെനിക്കറിയാം. അതുകൊണ്ടാണ് ഞാൻ പറയുന്നത്. മുമ്പു വന്നവരെല്ലാം വിചാരിച്ചിട്ട് എന്നെക്കൊണ്ട് മിണ്ടിക്കാൻ പോലും കഴിഞ്ഞില്ല. അങ്ങു കുറച്ചു പഠിത്തമുള്ളയാളും മാന്യനുമാണ്. എന്നെ ഉപദ്രവിക്കാൻ തുടങ്ങുകയാണെങ്കിൽ ഞാനങ്ങെ അവമാനിച്ചയയ്ക്കും.
ഇത്രയും പറഞ്ഞ് ആ സ്ത്രീ അവിടെനിന്നെണീറ്റു. ഉടനെ താൻ മുൻകൂട്ടി കരുതി അടുക്കൽ വച്ചിരുന്ന കയറെടുത്തുപിടിച്ച് ഒരു മന്ത്രം ജപിച്ച് ഒരു കെട്ടുകെട്ടി. ഉടനെ ആ സ്ത്രീ "അയ്യോ!" എന്നു പറഞ്ഞു കൈ രണ്ടും കൂട്ടി പിടിച്ചു കെട്ടിയിട്ടവിധം ചേർത്തുവച്ചുകൊണ്ട് അവിടെത്തന്നെ ഇരുന്നു. സ്ത്രീ എണീറ്റതു മന്ത്രവാദിയുടെ ചെകിട്ടത്ത് അടിക്കാനായിരുന്നു. അതു മനസ്സിലാക്കിയിട്ട് അദ്ദേഹം മന്ത്രം ജപിച്ചു ബന്ധിച്ചതിനാലാണ് സ്ത്രീ അവിടെയിരുന്നത്. ബന്ധനം കഴിഞ്ഞപ്പോൾ ആ സ്ത്രീയ്ക്കു കയ്യും കാലും ഇളക്കാനും ഇരുന്ന സ്ഥലത്തുനിന്ന് മാറിയിരിക്കാൻപോലും വയ്യാതായിട്ട്, "അങ്ങു സാമാന്യക്കാരനല്ലെന്നു ഞാൻ സമ്മതിക്കുന്നു. ഞാനങ്ങയോടു മത്സരിക്കണമെന്നു വിചാരിക്കുന്നില്ല. എന്നെ ബഹുമാനപൂർവം അയയ്ക്കണമെന്നു മാത്രം ഞാനപേക്ഷിക്കുന്നു. അങ്ങനെ അയയ്ക്കുകയാണെങ്കിൽ സസന്തോ‌ഷം പൊയ്ക്കൊള്ളാം" എന്നു പറഞ്ഞു.
താൻ: എങ്ങനെ വേണമെങ്കിലും അവിടുത്തെ ഇഷ്ടംപോലെ ബഹുമാനിച്ചയയ്ക്കാൻ ഇവിടെ തയ്യാറാണ്. അവിടുത്തെ ഉപദ്രവിക്കണമെന്ന് ഇവിടെ ആർക്കും വിചാരമില്ല. പോകുന്നതിനു എന്തെല്ലാമാണ് വേണ്ടത്?
സ്ത്രീ: അതു ഞാൻപറയണോ? അങ്ങേയ്ക്കറിയാമല്ലോ. അധികമൊന്നും വേണ്ട. സാധാരണനടപ്പുപോലെ മതി.
താൻ: ചുരുക്കത്തിലായാലും ഇന്നിനി തരമില്ലല്ലോ. അതിനാൽ ഒരവധി നിശ്ചയിച്ചു പറയണം.
സ്ത്രീ: പോവുക എന്നു തീർച്ചപ്പെടുത്തിയ സ്ഥിതിക്ക് എനിക്കിനി അധികം താമസിക്കാൻ പാടില്ല. നാളെത്തന്നെ എന്നെ അയയ്ക്കണം.
താൻ: അങ്ങനെതന്നെ.
സ്ത്രീ: എന്നാൾ ഇപ്പോൾ മാറി നിൽക്കട്ടെ.
ഇത്രയും പറഞ്ഞുകഴിഞ്ഞപ്പോൾ ആ സ്ത്രീ അവിടെത്തന്നെ കിടന്നു. കുറച്ചുസമയം കഴിഞ്ഞപ്പോൾ വെള്ളം കുടിക്കണമെന്നു പറയുകയും വെള്ളം കുടിച്ചതിന്റെ ശേ‌ഷം അവിടെനിന്ന് എണീറ്റ് പോവുകയും ചെയ്തു. പിന്നെ സുഖക്കേടൊന്നുമുണ്ടായിരുന്നില്ല.
പിറ്റേ ദിവസം വൈകുന്നേരമായപ്പോഴേക്കും അവിടെ തെക്കേത്തളമെല്ലാം അടിച്ചു തളിച്ചു മെഴുകി ശുദ്ധമാക്കുകയും കെട്ടി വിതാനിച്ച് അലങ്കരിക്കുകയും ഒരു പൂജയ്ക്കു വേണ്ടുന്നവയെല്ലാമൊരുക്കുകയും ചൂട, സാമ്പ്രാണി, അഷ്ടഗന്ധം, കളഭം, കസ്തൂരി മുതലായ സുഗന്ധവർഗങ്ങളും മാലകളും പനിനീർ മുതലായവയും തയ്യാറാക്കി വെയ്ക്കുകയും ചെയ്തു. ഏകദേശം ഏഴര നാഴിക രാത്രിയായപ്പോൾ തേവലശ്ശേരിത്താൻ കുളിച്ചു ശുദ്ധമായി വന്നു. അദ്ദേഹം അവിടെ പത്മമിട്ടു വിളക്കുവച്ച് ഗന്ധർവന് ഒരു പൂജ കഴിച്ചു. പാൽപ്പായസം, അപ്പം, അട, അവിൽ, മലർ, പഴം, ഇളന്നീർ മുതലായവയായിരുന്നു നിവേദ്യസാധനങ്ങൾ. പൂജ കഴിഞ്ഞ ഉടനെ തലേദിവസത്തെപ്പോലെ ഭസ്മംകൊണ്ടു ‌ഷൾകോണമായി ഒരു ചക്രം വരച്ച് ഉമയാൽ പാർവതിയമ്മയെ അതിലിരുത്തി. അന്നു ഭസ്മം ജപിച്ചിടുകയും മറ്റും ചെയ്തില്ല. തേവലശ്ശേരിത്താൻ കുറച്ചു ചന്ദനവും പൂവും കയ്യിലെടുത്ത് ആ പൂജ കഴിച്ച സ്ഥലത്തുനിന്നു ഗന്ധർവനെ ആവാഹിച്ച് ആ സ്ത്രീയുടെ ശിരസ്സിലേക്കിട്ടു. ഉടനെ അവർ തുള്ളിത്തുടങ്ങി. തുള്ളുകയെന്നാൽ ഓടുകയും ചാടുകയുമൊന്നുമല്ല. ആദ്യം ദേഹം ആകപ്പാടെ ഒന്നു വിറയ്ക്കും. പിന്നെ ഒരു പ്രൌഢനായ ഒരു പുരു‌ഷനെപ്പോലെ കാലിന്മേൽ കാൽകേറ്റിയിരുന്ന് സംസാരിച്ചുതുടങ്ങും. അല്ലാതെ വിശേഷമൊന്നും ഇല്ല. തുള്ളിത്തുടങ്ങിയ ഉടനെ കളഭം, പു‌ഷ്പമാല്യങ്ങൾ മുതലായവയെല്ലാമെടുത്തു തേവലശ്ശേരിത്താൻ ആ സ്ത്രീയുടെ അടുക്കൽ വെച്ചു. ഉടനെ ആ സ്ത്രീ "എന്നെ ഇന്നലെ കെട്ടിയ കെട്ട് ഇതുവരെ അഴിച്ചില്ലല്ലോ. പിന്നെ നിങ്ങളുടെ ഈ സൽക്കാരത്തെ ഞാനെങ്ങനെ സ്വീകരിക്കും?" എന്നു ചോദിച്ചു. അതു കേട്ടു താൻ "അക്കാര്യം ഞാൻ തീരെ അന്ധാളിച്ചുപോയി. എന്റെ ഈ തെറ്റിനെ അവിടുന്നു കൃപാപൂർവം ക്ഷമിക്കണം" എന്നു പറഞ്ഞിട്ട് ഒരു മന്ത്രം ജപിച്ച് ആ ബന്ധമഴിച്ചു. ഉടനെ ആ സ്ത്രീ ആ കളഭമെടുത്ത് ദേഹത്തിലെല്ലാം പൂശുകയും മാലകളും പൂക്കളുമെടുത്തു ചൂടുകയും ചെയ്തു. അപ്പോഴേക്കും തേവലശ്ശേരിത്താൻ കർപ്പൂരം കത്തിക്കുകയും അഷ്ടഗന്ധം മുതലായവ ധൂപിക്കുകയും ചെയ്ത് ആ സ്ഥലം സുഗന്ധസമ്പൂർണമാക്കിത്തീർത്തു. ഉടനെ ആ സ്ത്രീ പറഞ്ഞുതുടങ്ങി:
വളരെ സന്തോ‌ഷമായി. ഞാൻഇപ്പോൾത്തന്നെ യാത്രയായിരിക്കുന്നു. ഇനി ഒരു കാലത്തും ഈ സ്ത്രീയെയെന്നല്ല, ഈ കുടുംബത്തിലാരെയും തന്നെ ഞാൻ ബാധിക്കുന്നതല്ല, സത്യം. എന്നാൽ ഇത്രയും കാലം ഞാൻ ഈ സ്ത്രീയുടെ ദേഹത്തെയും ഈ കുടുംബക്കാരെയും ആശ്രയിച്ചു താമസിച്ചിരുന്ന സ്ഥിതിക്ക് ഇവർക്കൊരു സഹായവും ചെയ്യാതെ പോകുന്നതു യുക്തമല്ലല്ലോ. അതിനാൽ സന്തോ‌ഷസമേതം അനുഗ്രഹിച്ചിരിക്കുന്നു. അടുത്ത ആണ്ടിൽ ഈ മാസത്തിൽ ഈ തീയതിയിൽത്തന്നെ ഈ സ്ത്രീ പ്രസവിച്ച് ഒരു പുരു‌ഷ സന്താനമുണ്ടാകും. ആ പുരു‌ഷൻ പ്രസിദ്ധനും യോഗ്യനുമായിത്തീരുകയും ചെയ്യും. എന്നു മാത്രമല്ല, ഈ കുടുംബത്തിൽ കേവലം മൂഢന്മാരും അയോഗ്യന്മാരുമായി ആരും ഒരു കാലത്തുമുണ്ടാവില്ല. ഇനിയൊരു മൂന്നു തലമുറ കഴിയുന്നതുവരെയുള്ളവർക്കു പ്രത്യേക യോഗ്യതകളുമുണ്ടായിരിക്കുകയും ചെയ്യും. എന്റെ ഈ അനുഗ്രഹത്തിനു യാതൊരു വ്യത്യാസവും വരുന്നതല്ല. എന്നാൽ എന്നെ ഇപ്രകാരം ഇവിടെനിന്ന് ഇറക്കി വിടുന്നതിനാൽ എക്കാലത്തും ഈ കുടുംബത്തിൽ പുരു‌ഷസന്താനം കുറവായിരിക്കുകയും ചെയ്യും."
ഇപ്രകാരം പറഞ്ഞ് ആ ഗന്ധർവൻ ഒഴിഞ്ഞുപോവുകയും ഉമയാൾ പാർവതിയമ്മ സ്വസ്ഥതയെ പ്രാപിക്കുകയും ചെയ്തു. യോഗീശ്വരൻ രാമൻപിള്ള വലിയ മേലെഴുത്തുപിള്ളയദ്ദേഹത്തിനുണ്ടായ സന്തോ‌ഷവും വിസ്മയവും തേവലശ്ശേരിത്താന്റെ പേരിലുണ്ടായ വിശ്വാസ ബഹുമാനങ്ങളും സീമാതീതങ്ങളായിരുന്നുവെന്നതു പറയേണ്ടതില്ലല്ലോ. ആ മാന്ത്രിക ശ്രഷ്ഠനെ അദ്ദേഹം സൽക്കാരവചനങ്ങൾകൊണ്ടും പലവിധ സമ്മാനങ്ങൾകൊണ്ടും മറ്റും സന്തോ‌ഷിപ്പിച്ചയച്ചു. ഗന്ധർവൻ പറഞ്ഞതുപോലെ അധികം താമസിയാതെ ഉമയാൾ പാർവതിയമ്മ ഗർഭം ധരിക്കുകയും അടുത്തയാണ്ടിൽ ആ ദിവസം തന്നെ ആ സ്ത്രീ പ്രസവിച്ച് ഒരു പുരു‌ഷപ്രജ ഉണ്ടാവുകയും ചെയ്തു.
ഇപ്രകാരം യോഗീശ്വരൻ രാമൻപിള്ളയ്ക്ക് ഉമയാൾ പാർവതിയമ്മയിലുണ്ടായ ഏകപുത്രനാണ് "ബാലരാമൻ പിള്ള സമ്പ്രതിപ്പിള്ള" എന്നു പ്രസിദ്ധനായിത്തീർന്നത്. ബാലരാമൻപിള്ള ജനിച്ചത് 960-ആമാണ്ട് കുട്ടമ്പേരൂർ നാലേക്കാട്ടു കുടുംബത്തിൽത്തന്നെയാണ്. പുത്രനുണ്ടായ ഉടനെ യോഗീശ്വരൻ രാമൻപിള്ള തിരുമനസ്സറിയിക്കുന്നതിനു തിരുവനന്തപുരത്തേക്ക് എഴുതിയയച്ചു. അന്നു നാടുവാണിരുന്നത് 973-ആമാണ്ടു നാടു നീങ്ങിയ സാക്ഷാൽ രാമവർമ മഹാരാജാവു തിരുമനസ്സുകൊണ്ടായിരുന്നുവെന്നത് പറയണമെന്നില്ലല്ലോ. ആ തിരുമനസ്സിലേക്ക് ഈ വലിയ മേലെഴുത്തുപിള്ളയുടെ പേരിൽ വലിയ കാരുണ്യവും സന്തോ‌ഷവും വിശ്വാസവുമുണ്ടായിരുന്നു. തിരുമനസ്സിലേക്കു രാജ്യഭരണവി‌ഷയത്തിൽ പ്രധാനസഹായികളായിരുന്നിട്ടുള്ളതു കേശവ(ദാസ്)പിള്ള ദിവാൻജിയും ഈ വലിയ മേലെഴുത്തുപിള്ളയുമാണ്. വലിയ മേലെഴുത്തുപിള്ളയ്ക്ക് പുത്രനുണ്ടായി എന്നു കേട്ടപ്പോൾ തിരുമനസ്സിലേക്കുണ്ടായ സന്തോ‌ഷം എത്രമാത്രമെന്നു പറയാൻ പ്രയാസം. ഈ കുട്ടിയെ കാണുന്നതിനു തിരുമനസ്സിലേക്കു വളരെ ധൃതിയായിരിക്കുന്നുവെന്നുള്ള വിവരത്തിനു യോഗീശ്വരൻ രാമൻപിള്ളയ്ക്കു തിരുവനന്തപുരത്തുനിന്ന് ഒരു സ്വകാര്യക്കത്തു കിട്ടുകയാൽ അദ്ദേഹം ഭാര്യയുടെ പ്രസവരക്ഷാദികൾ കഴിഞ്ഞയുടനെ പുത്രനെ ഭാര്യാസമേതം വള്ളത്തിൽ കയറ്റി തിരുവനന്തപുരത്തുകൊണ്ടുചെന്ന സമയം ആശ്രിതവത്സലനും കരുണാനിധിയുമായ ആ തിരുമേനി ആ കുട്ടിയെ തൃക്കൈയിൽ വാങ്ങി തിരുമടിയിൽ വെച്ചുകൊണ്ട്, "നാമും നമ്മുടെ വലിയ മേലെഴുത്തുപിള്ളയും രാമനാമാക്കളാണല്ലോ. അപ്രകാരംതന്നെ വലിയ മേലെഴുത്തുപിള്ളയുടെ പുത്രനു നമ്മുടെ അനന്തരവന്റെ പേരുമായിരിക്കട്ടെ" എന്ന് അരുളിച്ചെയ്തിട്ട് ആ കുട്ടിക്ക് "ബാലരാമൻ" എന്നു കല്പിച്ചു പേരു വിളിച്ചു. അന്ന് ഇളയമുറസ്ഥാനം വഹിച്ചിരുന്നത് ബാലരാമവർമ മഹാരാജാവായിരുന്നുവല്ലോ. ഈ സംഗതി വിചാരിച്ചാൽ ആ ബാലരാമൻപിള്ളയോളം ഭാഗ്യമുണ്ടായിട്ട് ആ വംശത്തിൽ മറ്റാരുമുണ്ടായിട്ടില്ലെന്നുതന്നെ പറയാം. കുലശേഖരപ്പെരുമാളുടെ തിരുമടിയിൽക്കയറിയിരിക്കുന്നതിനും അവിടുന്നു തന്നെ കല്പിച്ചു പേരു വിളിക്കുന്നതിനും മറ്റാർക്കും സംഗതിയായിട്ടില്ലല്ലോ.
986-ആമാണ്ട് ബാലരാമവർമ മഹാരാജാവു തിരുമനസ്സുകൊണ്ട് നാടുനീങ്ങിയ ശേ‌ഷം യോഗീശ്വരൻ രാമൻപിള്ള പ്രായാധിക്യം നിമിത്തം തിരുവനന്തപുരം വിട്ട് കുട്ടമ്പേരൂർ സ്വഗൃഹത്തിൽത്തന്നെ വന്നു താമസിച്ചു. എങ്കിലും വലിയ മേലെഴുത്തുദ്യോഗത്തിൽനിന്ന് അദ്ദേഹം മാറുകയോ അദ്ദേഹത്തെ ആരെങ്കിലും മാറ്റുകയോ ചെയ്തില്ല. ആജീവനാന്തം അദ്ദേഹം ആ ഉദ്യോഗത്തിൽത്തന്നെയാണിരുന്നത്. ബാലരാമവർമ മഹാരാജാവിന്റെ കാലാനന്തരം രാജ്യം ഭരിച്ചിരുന്ന ശ്രീലക്ഷ്മീമഹാരാജ്ഞി, ശ്രീപാർവതീമഹാരാജ്ഞി എന്നിവർക്കും യോഗീശ്വരൻ രാമൻപിള്ളയുടെ പേരിൽ വളരെ കരുണയുണ്ടായിരുന്നു. അതിനാൽ ആ മഹാരാജ്ഞിമാർ വലിയ മേലെഴുത്തുപിള്ളയുടെ ജോലികളെല്ലാം അദ്ദേഹം തന്റെ പ്രതിനിധിയായി നിയമിച്ച "ചാങ്ങയിൽ ശങ്കരനാരായണപിള്ള" എന്ന ആളെക്കൊണ്ടു നോക്കിക്കയും ശമ്പളം മുഴുവനും മുറയ്ക്കു ഇദ്ദേഹത്തിനുതന്നെ വീട്ടിൽ അയച്ചുകൊടുക്കു ന്നതിനു ചട്ടംകെട്ടി നടത്തിക്കുകയുമാണ് ചെയ്തിരുന്നത്.
യോഗീശ്വരൻ രാമൻപിള്ള 996-ആമാണ്ട് ചിങ്ങമാസത്തിൽ 96-ആമത്തെ വയസ്സിൽ യശശ്ശരീരനായി ഭവിച്ചു. അദ്ദേഹത്തെ ഇപ്പോഴും ആ കുടുംബക്കാർ അവിടെവെച്ച് ആചരിച്ചുവരുന്നുമുണ്ട്.
3. ബാലരാമൻപിള്ള
ഇദ്ദേഹം ഒരു വലിയ സംസ്കൃതപണ്ഡിതനും കവിയും ജ്യോത്സ്യനും മന്ത്രവാദിയും വൈദ്യനുമായിരുന്നു. ഇദ്ദേഹത്തിനു രായസം, സാമ്പ്രതി മുതലായ സർക്കാരുദ്യോഗമുണ്ടായിരുന്നു. ഇദ്ദേഹത്തെക്കുറിച്ച് അറിവും ഓർമയുമുള്ളവർ ഇപ്പോഴും പലരുമുള്ളതിനാൽ ഈ മഹാനെപ്പറ്റി അധികം വിസ്തരിക്കുന്നില്ല.
ബാലരാമൻപിള്ള ചരമഗതിയെ പ്രാപിച്ചതു 90-ആമത്തെ വയസ്സിൽ 1050-ആമാണ്ടിലാണ്. ഇപ്പോൾ നാലേക്കാട്ടു കുടുംബത്തിലുള്ള ശങ്കരനാരായണപിള്ള അവർകൾ മേല്പറഞ്ഞ മഹാന്റെ സന്താനപരമ്പരയിലുൾപ്പെട്ട ആളാണെന്നുകൂടി പറഞ്ഞുകൊണ്ട് ഈ ഉപന്യാസത്തെ ഇവിടെ സമാപിപ്പിച്ചുകൊള്ളുന്നു.

കായംകുളം കൊച്ചുണ്ണി


കായംകുളം കൊച്ചുണ്ണിയെക്കുറിച്ചു കേട്ടിട്ടില്ലാത്തവരായി തിരുവിതാംകൂറിലെന്നല്ല, കേരളത്തിൽത്തന്നെ അധികംപേരുണ്ടായിരിക്കുമെന്നു തോന്നുന്നില്ല. എന്നാൽ കൊച്ചുണ്ണി ഒരു വലിയ കള്ളനും അക്രമിയുമാണെന്നാണ് മിക്കവരുടെയും ബോധം. വാസ്തവത്തിൽ അയാൾ ഒരു സത്യവാനും മര്യാദക്കാരനുംകൂടിയായിരുന്നു. പരസ്പര വിരുദ്ധങ്ങളായ ഈ ഗുണങ്ങൾ എല്ലാം കൂടി ഒരാളിലുണ്ടായിരിക്കുന്നതെങ്ങനെയാണെന്നു ചിലർ വിചാരിച്ചേക്കാം. അത് ഏതു പ്രകാരമെന്നു പിന്നാലെ വരുന്ന സംഗതികൾകൊണ്ടു ബോധ്യപ്പെടുമെന്നു മാത്രമേ ഇപ്പോൾ പറയുന്നുള്ളൂ.
കൊച്ചുണ്ണി ജനിച്ചത് 993-ആമാണ്ടു കർക്കിടമാസത്തിൽ അമാവാസിയിൽ അർദ്ധരാത്രിസമയം തിരുവിതാംകൂറിൽ കാർത്തികപ്പള്ളിത്താലൂക്കിൽച്ചേർന്ന കീരിക്കാട്ടു പ്രവൃത്തിയിൽ കൊറ്റുകുളങ്ങരയ്ക്കു സമീപമുണ്ടായിരുന്ന സ്വഗൃഹത്തിലാണ്. കൊച്ചുണ്ണിയുടെ പിതാവും വലിയ അക്രമിയും കള്ളനുമായിരുന്നു. അയാളുടെ പ്രധാന ഉപജീവനമാർഗം മോ‌ഷണംതന്നെയായിരുന്നു. അന്നന്നു മോഷ്ടിച്ചു കിട്ടുന്നതുകൊണ്ട് അഹോവൃത്തി കഴിച്ചുവന്നുവെന്നല്ലതെ അയാൾക്കു സമ്പാദ്യമൊന്നുമുണ്ടായിരുന്നില്ല. ഒരു രാത്രിയിൽ ഒന്നും മോഷ്ടിക്കാൻ തരപ്പെട്ടില്ലെങ്കിൽ പിറ്റേദിവസം അയാളും അയാളുടെ കുടുംബത്തിലുള്ളവരും പട്ടിണിതന്നെ. അയാളുടെ സ്ഥിതി അത്രമാത്രം മോശമായിരുന്നു. അതിനാൽ തന്റെ പുത്രനായ കൊച്ചുണ്ണിയെ യഥാകാലം വിദ്യാഭ്യാസം ചെയ്യിക്കുന്നതിനും മറ്റും അയാൾക്കു കഴിഞ്ഞില്ല.

Monday, June 25, 2012

തിരുനക്കര ദേവനും അവിടുത്തെ കാളയും
തിരുവിതാംകൂറിൽ കോട്ടയം പട്ടണത്തിന്റെ മദ്ധ്യഭാഗത്തുള്ള തിരുനക്കര ക്ഷേത്രത്തെപ്പറ്റി പലരും കേട്ടിരിക്കാനിടയുണ്ട്. അവിടത്തെ സ്വയംഭൂവായ ശിവനെയും കാളയെയും പറ്റിയുള്ള ഐതിഹ്യങ്ങൾ വായനക്കാർക്കു രസാവഹങ്ങളായിരിക്കുമെന്നു വിശ്വസിക്കുന്നു.

പണ്ടൊരു തെക്കുംകൂർ രാജാവിനു തൃശ്ശിവപേരൂർ വടക്കുന്നാഥക്ഷേത്രത്തിൽ തിങ്ങൾ ഭജനം (മാസന്തോറും തൊഴുക) പതിവുണ്ടായിരുന്നു. ഒരു മാസത്തിന്റെ അവസാനദിവസം അവിടെയെത്തിയാൽ അന്നും പിറ്റേദിവസവുമായി രണ്ടുമാസത്തെ തൊഴുക കഴിച്ചു പോരാമല്ലോ. അങ്ങനെയാകുമ്പോൾ ആണ്ടിൽ ആറു യാത്ര കൊണ്ടു കഴിക്കാമല്ലോയെന്നു വിചാരിച്ച് ആ തമ്പുരാൻ അപ്രകാരമാണ് അതു നടത്തിപ്പോന്നത്. അങ്ങനെ വളരെക്കാലം അദ്ദേഹം അതു മുടക്കം കൂടാതെ നടത്തിക്കൊണ്ടിരുന്നു. കാലക്രമേണ ആ തമ്പുരാനു പ്രായാധിക്യവും രോഗപീഡകളും നിമിത്തം അന്യദേശസഞ്ചാരം ദുസ്സാദ്ധ്യാമായിത്തീർന്നു. പരസഹായം കൂടാതെ ഒന്നും ചെയ്‌വാൻ ശക്തനല്ലാതെയായിട്ടും ഈശ്വരഭക്തനായ അവിടേക്കു തൃശ്ശിവപേരൂർ വടക്കുന്നാഥക്ഷേത്രത്തിലെ തിങ്ങൾഭജനം മുടക്കുന്നതിനു ധൈര്യമുണ്ടായില്ല.

കുമാരനല്ലൂർ ഭഗവതി
തിരുവിതാംകൂർ സംസ്ഥാനത്തുള്ള ഊരാൺമക്ഷേത്രങ്ങളിൽ പ്രഥമ ഗണനീയവും ഏറ്റുമാനൂർ താലൂക്കിലുള്ളതും സുപ്രസിദ്ധവുമായ കുമാരനല്ലൂർ ക്ഷേത്രത്തെപ്പറ്റി കേട്ടിട്ടില്ലാത്തവർ കേരളത്തിലധികമുണ്ടായിരിക്കുമെന്നു തോന്നുന്നില്ല. അവിടത്തെ ദേവിയെക്കുറിച്ചുള്ള,
'ശംഖുണ്ടിടത്തു വലമേയൊരു ചക്രമുണ്ടു
കാലിൽ ചിലമ്പു ചില മുത്തുപടം കഴുത്തിൽ
ഓടീട്ടു വന്നു കുടികൊണ്ട കുമാരനല്ലൂർ
കാർത്ത്യായനീ! ശരണമെന്നിത കൈതൊഴുന്നേൻ'
എന്ന സങ്കീർത്തനശ്ലോകം അത്ര ഭംഗിയുള്ളതല്ലെങ്കിലും പ്രസിദ്ധമാകയാൽ അതും പലരും കേട്ടിരിക്കാനിടയുണ്ട്. എങ്കിലും ആ ഭഗവതി "ഓടീട്ടുവന്നു കുടികൊണ്ട"തേതു പ്രകാരമാണെന്ന് അറിഞ്ഞിട്ടുള്ളവർ ഇപ്പോൾ അധികമുണ്ടായിരിക്കുമെന്നു തോന്നുന്നില്ല. അതിനാൽ ആ സംഗതിയെപ്പറ്റി ചുരുക്കത്തിൽ പറഞ്ഞുകൊള്ളുന്നു.

കിടങ്ങൂർ കണ്ടങ്കോരൻ
തിരുവിതാംകൂർ സംസ്ഥാനത്തുള്ള പ്രസിദ്ധ ക്ഷേത്രങ്ങളിൽവെച്ച് ഒട്ടും അപ്രധാനമല്ലാത്തതായി, ഏറ്റുമാനൂർ താലൂക്കിൽ, കിടങ്ങൂർ ദേശത്ത് ഒരു സുബ്രഹ്മണ്യക്ഷേത്രമുണ്ട്. ഇതു കിടങ്ങൂർ ഗ്രാമത്തിലുൾപ്പെട്ട ചില നമ്പൂരിമാരുടെ ഊരാൺമക്ഷേത്രമാണ്. ഇവിടെ 'കണ്ടങ്കോരൻ' എന്നു പ്രസിദ്ധനായിട്ട് ഒരു കൊമ്പനാനയുണ്ടായിരുന്നു. ആകൃതികൊണ്ടും പ്രകൃതികൊണ്ടും തത്തുല്യനായ ഒരാന വേറെ ഒരു ദിക്കിലും ഉണ്ടായിരുന്നതായും ഉള്ളതായും കേട്ടുകേൾവിപോലുമില്ല. ഈ ആനയ്ക്ക് വലിപ്പവും ഭംഗിയും പ്രസിദ്ധനായിരുന്ന വൈക്കത്തു തിരുനീലകണ്ഠനെക്കാൾ വളരെ അധികമുണ്ടായിരുന്നു. തിരുനീലകണ്ഠനെക്കാൾ ഇവനു പൊക്കവും ഉടൽനീളവും ഒരു മുഴത്തിൽ കുറയാതെ ഉണ്ടായിരുന്നു എന്നാണ് കേട്ടിരിക്കുന്നത്. തലയെടുപ്പും ഒട്ടും കുറവല്ലായിരുന്നു. മുമ്പോട്ടു വളഞ്ഞുള്ള ആ വലിയ കൊമ്പുകളുടെ ഭംഗിയും തിരുനീലകണ്ഠനേക്കാൾ വളരെ അധികമുണ്ടായിരുന്നു. എഴുന്നള്ളിച്ചാലുള്ള ഭംഗിയും അങ്ങനെതന്നെ.
ഈ ആനയുടെ ബുദ്ധിവിശേ‌ഷമാണ് ഇതിലൊക്കെയും